| Wednesday, 4th September 2019, 2:47 pm

കശ്മീരില്‍ കൊല്ലപ്പെട്ടത് 11ാം ക്ലാസ് വിദ്യാര്‍ഥി; കൊല്ലപ്പെട്ടത് പെല്ലറ്റ് ആക്രമണത്തെ തുടര്‍ന്നെന്ന ആരോപണം തള്ളി സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത് 11ാം ക്ലാസ് വിദ്യാര്‍ഥിയായ അസറര്‍ അഹമ്മദ് ഖാന്‍. പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ അസര്‍ അഹമ്മദ് ഷെര്‍-ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മൃതദേഹം ശ്രീനഗര്‍ ഇല്ലാഹി ബാഗിലെ വീട്ടില്‍ കൊണ്ടുവരികയും അടക്കം ചെയ്യുകയും ചെയ്തു.

പെല്ലറ്റിനാല്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന റിപ്പോര്‍ട്ട് സൈന്യം തള്ളി. കല്ലേറിനിടയിലാണ് കുട്ടി മരണപ്പെട്ടതെന്ന് ലെഫ്റ്റനന്റ് ജനറല്‍ കെ.ജെ.എസ് ധില്ലണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു.

‘ അടുത്തിടെ മരിച്ച വ്യക്തി പെല്ലറ്റുകൊണ്ടുള്ള പരിക്കിനെ തുടര്‍ന്നല്ല മരിച്ചത്. കല്ലേറു കാരണമാണ്. ആര് ആരെയാണ് കൊല്ലാന്‍ ശ്രമിക്കുന്നതെന്ന് നിങ്ങള്‍ തീരുമാനിക്കുക’ എന്നാണ് അദ്ദേഹം പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘കഴിഞ്ഞ 30 ദിവസത്തിനിടെ അഞ്ചുപേരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. പക്ഷേ ഒന്നിനും ഞങ്ങള്‍ ഉത്തരവാദിയല്ല. ചിലര്‍ കല്ലേറിലാണ് കൊല്ലപ്പെട്ടത്, ചിലര്‍ വെടിനിര്‍ത്തല്‍ ലംഘനത്തില്‍. ദീര്‍ഘകാലത്തിനിടെ ജമ്മുകശ്മീരില്‍ സമാധാനം നീണ്ടുനിന്ന കാലഘട്ടമാണിത്.’ എന്നും സൈന്യം അവകാശപ്പെട്ടു.

പെല്ലറ്റ് ആക്രമണത്തിന് ഇരയായ യുവാക്കള്‍ തങ്ങളുടെ ശരീരത്തില്‍ തറച്ചുകയറിയ പെല്ലറ്റുകള്‍ സ്വയം ചവണയുപയോഗിച്ച് എടുത്തുകളയുകയാണ് ചെയ്യുന്നതെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനായി ആശുപത്രിയില്‍ പോയാല്‍ തങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെടുമോ എന്ന ആശങ്കയാണ് ഇവരെക്കൊണ്ട് സ്വയം ചികിത്സ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.

ശ്രീനഗറിന് അടുത്തുള്ള അഞ്ചാര്‍ മേഖലയിലാണ് ഇക്കാലയളവില്‍ ഏറ്റവുമധികം പെല്ലറ്റാക്രമണത്തെ അതിജീവിച്ചവരുള്ളത്. ഓഗസ്റ്റ് അഞ്ചിനുശേഷം നടന്ന പെല്ലറ്റാക്രമണത്തിലും കണ്ണീര്‍ വാതക പ്രയോഗത്തിലും ഇവിടെ പരിക്കേറ്റത് ഇരുന്നൂറോളം യുവാക്കള്‍ക്കാണ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച മാത്രമുണ്ടായ സംഘര്‍ഷത്തില്‍ ഇരുപതോളം യുവാക്കള്‍ക്കു പരിക്കേറ്റതായി പ്രദേശവാസികളെ ഉദ്ധരിച്ച് ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വെള്ളിയാഴ്ചത്തെ പെല്ലറ്റാക്രമണത്തില്‍ അതിഗുരുതരമായി പരിക്കേറ്റ ഒരാളുടെ നിലയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അയാളുടെ നെഞ്ച്, തോളുകള്‍, വയര്‍, കൈകള്‍, കാലുകള്‍, തല, നെറ്റി, വലത്തേ ചെവി എന്നിവയില്‍ ഒന്നിലധികം പെല്ലറ്റ് കൊണ്ടുള്ള മുറിവുകള്‍ കാണാം.

ഇരുപതിലധികം പെല്ലറ്റുകളാണ് ഇയാളുടെ ശരീരത്തില്‍ നിന്ന് പ്രദേശവാസികള്‍ തന്നെ നീക്കിയത്. അഞ്ചാറിലെ വീടുകള്‍ക്കൊന്നും തന്നെ ജനലുകളില്ലാതായെന്നുള്ള കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈന്യം നടത്തുന്ന പെല്ലറ്റാക്രമണത്തെ പ്രതിരോധിക്കാനായി ടിന്‍ ഷീറ്റുകളും കാര്‍ഡ്ബോര്‍ഡുകളുമൊക്കെയാണ് ഇവര്‍ ജനലിനു പകരം ഉപയോഗിക്കുന്നത്.

We use cookies to give you the best possible experience. Learn more