| Monday, 18th March 2024, 10:57 pm

സി.എ.എ വിരുദ്ധ പോസ്റ്ററുകള്‍ വലിച്ചുകീറി; ഗുജറാത്ത് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും എ.ബി.വി.പി പ്രവര്‍ത്തകരും ഏറ്റുമുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്ത് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും എ.ബി.വി.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ട്.

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പതിപ്പിച്ച പോസ്റ്ററുകള്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ വലിച്ചുകീറിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

പോസ്റ്ററുകള്‍ വലിച്ചുകീറിയ എ.ബി.വി.പിയുടെ നീക്കം വാക്കേറ്റത്തിലേക്ക് നയിച്ചുവെന്ന് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സംഘടനയായ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ അംഗങ്ങള്‍ പ്രതികരിച്ചു.

ഏറ്റുമുട്ടലില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കൃത്യ സമയത്ത് ഇടപെടല്‍ നടത്താന്‍ സാധിച്ചുവെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ വിദ്യാര്‍ഥികള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആരോപണം ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി നിഷേധിച്ചു. നിലവില്‍ ക്യാമ്പസ് കനത്ത സുരക്ഷയിലാണ്.

അതേസമയം സര്‍വകലാശാല ഹോസ്റ്റലില്‍ നമസ്‌കാരം നടത്തിയ വിദേശ വിദ്യാര്‍ത്ഥികളെ ആക്രമിച്ചതില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. ക്ഷിതിജ് പാണ്ഡെ, ജിതേന്ദ്ര പട്ടേല്‍, സാഹില്‍ ദുധാതിയ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ഹിതേഷ് മേവാഡ, ഭരത് പട്ടേല്‍ എന്നീ പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലാപം, സംഘം ചേര്‍ന്ന് ഉപദ്രവിക്കല്‍, ക്രിമിനല്‍ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഉസ്ബക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്.

Content Highlight: Clashes reportedly broke out between students and ABVP workers at Gujarat University

Latest Stories

We use cookies to give you the best possible experience. Learn more