കെയ്‌റോ: ഈജിപ്ത് പ്രസിഡന്റും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാകുന്നു. മുര്‍സിയുടെ വസതിക്ക് മുന്നില്‍ പ്രക്ഷോഭകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.[]
പോലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത പ്രക്ഷോഭകര്‍ മുര്‍സിയുടെ കൊട്ടാരത്തിലേക്ക് അടുത്തതോടെയാണ് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. കൊട്ടാരത്തിന്റെ നാല് മൂലകളിലും തടിച്ച് കൂടിയ പ്രക്ഷോഭകര്‍ മുര്‍സിക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഈജിപ്ത് എന്ന രാജ്യത്തിന്റെ മുഴുവന്‍ പ്രസിഡന്റാണെന്ന് തെളിയിക്കുന്നതില്‍ മുര്‍സി പരാജയപ്പെട്ടെന്നാരോപിച്ചായിരുന്നു പ്രക്ഷോഭകരുടെ പ്രകടനം. ഹുസ്‌നി മുബാറക്കിനെതിരെയുള്ള പ്രക്ഷോഭകാലത്തേക്ക് തന്നൊയണ് ഈജിപ്ത് വീണ്ടും പോകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
പുതിയൊരു ഭരണഘടന നിലവില്‍ വരുന്നത് വരെ തന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ രാജ്യത്തെ കോടതിക്ക് പോലും അധികാരമുണ്ടാകില്ലെന്ന മുര്‍സിയുടെ നിലപാടാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.
അമിതാധികാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തിടുക്കപ്പെട്ട് പുതിയ ഭരണഘടനയുടെ കരട് പാസാക്കിയതും ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുര്‍സിയുടെ ഏകാധിപത്യ നിലപാടിനെതിരെ രാജ്യത്തെ പ്രക്ഷോഭകരും നിയമജ്ഞരും ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്.
പുതിയ ഭരണഘടനയുടെ കരടില്‍ ഈ മാസം 15 ന് ജനഹിത പരിശോധന നിശ്ചയിച്ചിരിക്കുകയാണ്.
ജനങ്ങള്‍ രക്തം കൊടുത്ത് നേടിയ ഈജിപ്തില്‍ മറ്റൊരു മുബാറക്കിനെ വാഴിക്കില്ലെന്നും മുബാറക്കിനെ അനുകരിക്കാനാണ് മുര്‍സി ശ്രമിക്കുന്നതെന്നും പ്രക്ഷോഭകര്‍ ആരോപിച്ചു.