| Sunday, 10th November 2024, 9:37 pm

ഇസ്രഈലി ഫുട്‌ബോള്‍ ആരാധകരുടെ അക്രമം; പ്രതിഷേധങ്ങള്‍ക്ക് അനുമതിയില്ല, നെതര്‍ലന്റില്‍ സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആംസ്റ്റര്‍ഡാം: നെതര്‍ലന്റില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ സംഘര്‍ഷം. ഡച്ച് കോടതിയാണ് ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ രാജ്യത്ത് വിലക്കിയത്.

കോടതി വിലക്കിനെ തുടര്‍ന്ന് രാജ്യത്തെ ഫലസ്തീന്‍ അനുകൂലികള്‍ തെരുവിലിറങ്ങി. ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം ഉയര്‍ത്തിയതും ബാനറുകള്‍ സ്ഥാപിച്ചുമാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.

പ്രതിഷേധം ശക്തമായതോടെ ഡച്ച് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശുകയും ചെയ്തു. ലാത്തി ചാര്‍ജില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡാം സ്‌ക്വയറില്‍ നടന്ന പ്രതിഷേധത്തിന് നേരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച ഇസ്രഈല്‍ ഫുട്ബോള്‍ ക്ലബായ മക്കാബി ആംസ്റ്റര്‍ഡാം നഗരത്തില്‍ സ്ഥാപിച്ചിരുന്ന ഫലസ്തീന്‍ പതാകകള്‍ വലിച്ചുകീറുകയും കലാപാഹ്വാന മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ അനുകൂല റാലി നടത്താനാണ് ഡച്ച് കോടതിയോട് ഫലസ്തീന്‍ അനുകൂലികള്‍ അനുമതി തേടിയത്. എന്നാല്‍ കോടതി ആവശ്യം നിഷേധിക്കുകയായിരുന്നു.

അതേസമയം ഇസ്രഈല്‍ അനുകൂലികള്‍ ഫലസ്തീന്‍ പതാകകള്‍ വലിച്ചുകീറിയത് കൂടാതെ പൊതുമുതല്‍ നശിപ്പിക്കുകയും ഒരു ടാക്‌സി ഡ്രൈവറെയും പൊലീസിനെയും ആക്രമിച്ചുവെന്നും ഡച്ച് പൊലീസ് അറിയിച്ചു.

ഇസ്രഈലി ഫുട്ബോള്‍ ആരാധകര്‍ ഫലസ്തീന്‍ പതാകകള്‍ വലിച്ചുകീറുന്നതിന്റെയും അതിക്രമം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മേഖലയില്‍ ഫലസ്തീന്‍ അനുകൂലികളും ഇസ്രഈല്‍ പൗരന്മാരും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെയാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡച്ച് കോടതി ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്ക് അനുമതി നിഷേധിച്ചത്.

എന്നാല്‍ ഇസ്രഈലികള്‍ നടത്തിയ ആക്രമണത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യായീകരിച്ചു. ആക്രമണം നടന്നത് തന്റെ പൗരന്മാര്‍ക്കെതിരെയാന്നെന്നും അവരെ തിരിച്ചെത്തിക്കാന്‍ വിമാനങ്ങള്‍ അയക്കുമെന്നുമാണ് നെതന്യാഹു പറഞ്ഞത്.

കലാപത്തിന് കാരണമായവര്‍ക്കെതിരെ നടപടിയെടുക്കാനും ഇസ്രഈലി പൗരന്മാരെ സംരക്ഷിക്കാനും നെതന്യാഹു നെതര്‍ലന്റിനോട് ആവശ്യപ്പെട്ടു. ആംസ്റ്റര്‍ഡാം ദിനപത്രമായ ഹെറ്റ് പരോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റുമുട്ടലില്‍ ഡച്ച് പൊലീസ് ഒന്നിലധികം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അറസ്റ്റിലായവരുടെ ഐഡന്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Content Highlight: Clashes in the Netherlands after Pro-Palestinian protests were denied permission

We use cookies to give you the best possible experience. Learn more