| Friday, 21st September 2012, 9:28 am

ഇസ്‌ലാം വിരുദ്ധ സിനിമ: അമേരിക്കക്കാര്‍ പാക്കിസ്ഥാനിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: മുഹമ്മദ് നബിയെ അവഹേളിക്കുന്ന ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ്‌ എന്ന സിനിമയില്‍ പ്രതിഷേധിച്ച് ഇസ്‌ലാമാബാദില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ അമേരിക്കന്‍ പൗരന്‍മാര്‍ പാക്കിസ്ഥാനിലേയ്ക്ക് പോകരുതെന്ന് യു.എസ് വിദേശകാര്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.[]

പാക്കിസ്ഥാനിലേയ്ക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഉപദേശിച്ച യു.എസ് അധികൃതര്‍, പാക്കിസ്ഥാനിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് അകന്ന്‌  നില്‍ക്കണമെന്നും നിര്‍ദ്ദേശിച്ചു.

പാക്കിസ്ഥാനിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പാക് സന്ദര്‍ശനം ഒഴിവാക്കണമെന്ന് വിദേശകാര്യവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വിവാദസിനിമയുടെ പേരില്‍ പ്രക്ഷോഭം പുകയുന്ന പാക്കിസ്ഥാനില്‍ തദ്ദേശ തീവ്രവാദ സംഘടനകള്‍ സംഘര്‍ഷസാഹചര്യങ്ങളെ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

ഇന്നലെ അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ നൂറുകണക്കിന് പേരാണ് എംബസികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്.

എംബസിയിലെ സുരക്ഷാഭടന്മാര്‍ നടത്തിയ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സിനിമയില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ മറ്റ് നഗരങ്ങളില്‍ ഏതാനും ദിവസമായി പ്രകടനങ്ങള്‍ നടന്നുവരികയാണ്.

യു.എസില്‍ ഇന്ന് പ്രക്ഷോഭം ശക്തമാകുമെന്ന സൂചനയെത്തുടര്‍ന്ന് മൊബൈല്‍ ഫോണുകള്‍ക്കും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more