| Monday, 12th April 2021, 2:50 pm

കൊലവെറി മാറാതെ അമേരിക്കന്‍ പൊലീസ്: ഇരുപതുകാരനായ കറുത്ത വര്‍ഗക്കാരനെ വെടിവെച്ചു കൊന്നു; ജോര്‍ജ് ഫ്‌ളോയ്ഡിന് ശേഷം വീണ്ടും പ്രക്ഷുബ്ധമായി അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

മിനിയാപൊളിസ്: ഇരുപതുകാരനായ കറുത്ത വര്‍ഗക്കാരന്‍ ഡോന്റെ റൈറ്റിനെ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവം നടന്ന മിനിയാപൊളിസില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.

കഴിഞ്ഞ വര്‍ഷം മെയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ വെള്ളക്കാരനായ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്ക മുഴുവന്‍ വലിയ പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു. ഇപ്പോള്‍ ജോര്‍ജ് ഫ്‌ളോയ്ഡ് സംഭവത്തിലെ പ്രതിയായ പൊലീസുകാരന്റെ വിചാരണ നടക്കുന്ന സമയത്ത് വീണ്ടുമൊരു വംശീയാക്രമണത്തിന് അമേരിക്ക വേദിയായിരിക്കുകയാണ്.

ഞായറാഴ്ച വൈകീട്ടോടെയാണ് ഡൗണ്‍ റൈറ്റിനെതിരെ പൊലീസ് അതിക്രമം നടന്നത്. കാറില്‍ വരികയായിരുന്ന ഡോന്റെയെ പൊലീസ് തടയുകയും പിന്നീട് വെടിവെയ്ക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊലീസ് വാഹനം തടഞ്ഞെന്ന് പറയുന്നതിനായി ഡോന്റെ ഫോണില്‍ വിളിച്ചിരുന്നെന്നും ഫോണ്‍ കട്ട് ചെയ്യാന്‍ പൊലീസ് ആവശ്യപ്പെടുന്നത് ഫോണിലൂടെ കേട്ടുവെന്നും ഡോന്റെയുടെ അമ്മ കേറ്റി റൈറ്റ് പറഞ്ഞു. തൊട്ടടുത്ത മിനിറ്റുകളില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഡോന്റെയ്ക്ക് വെടിയേറ്റുവെന്ന് അറിയിക്കുകയായിരുന്നെന്നും കാറ്റി പറഞ്ഞു.

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഡോന്റെയുടെ വാഹനം തടഞ്ഞതെന്നും പിന്നീട് ഇയാള്‍ക്കെതിരെ വാറന്റ് ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്നുമാണ് പൊലീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

ഡോന്റെ സ്വന്തം കാറിലേക്ക് തിരിച്ചു പോയപ്പോള്‍ പൊലീസുകാരിലൊരാള്‍ വെടി വെയ്ക്കുകയായിരുന്നെന്നും ഡോന്റെയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ചെറിയ പരിക്കുകളേറ്റെന്നും ഗുരുതരമായി പരിക്കേറ്റ ഡോന്റെയെ ആശുപത്രിയിലെത്തിച്ചുവെന്നും ഈ പ്രസ്താവനയില്‍ പറയുന്നു.

സംഭവത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ മിനിയാപൊളിസില്‍ ഞായറാഴ്ച രാത്രി തന്നെ പ്രതിഷേധങ്ങള്‍ ആരംഭിച്ചു. മെഴുകുതിരികള്‍ കത്തിച്ചും തെരുവിലെ ‘ജസ്റ്റിസ് ഫോര്‍ ഡോന്റെ റൈറ്റ്’ എന്ന സന്ദേശങ്ങള്‍ എഴുതിയുമായിരുന്നു ജനക്കൂട്ടം തടിച്ചുകൂടിയത്. എന്നാല്‍ മിക്ക സ്ഥലങ്ങളിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ഇപ്പോള്‍ ഡോന്റെ റൈറ്റിന്റെ മരണവാര്‍ത്ത കൂടി പുറത്തുവന്നതോടെ സമരങ്ങള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്.

ജോര്‍ജ് ഫ്‌ളോയ്ഡിന് നീതി ആവശ്യപ്പെട്ടു കൊണ്ട് നടന്ന ബ്ലാക് ലൈവ്‌സ് മാറ്റര്‍ പ്രൊട്ടസ്റ്റ് ഇപ്പോള്‍ വീണ്ടും ശക്തി പ്രാപിക്കുകയാണ്. പ്രതിഷേധകാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചെന്ന് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Clashes In Minneapolis After US Cop Shoots 20-Year-Old Black Man Daunte Wright

We use cookies to give you the best possible experience. Learn more