| Saturday, 15th December 2012, 9:36 am

ഈജിപ്തില്‍ ഇന്ന് ജനഹിതപരിശോധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റോ: ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി മുന്നോട്ട് വച്ച കരട് ഭരണഘടനയുടെ അംഗീകാരത്തിനായുള്ള ജനഹിത പരിശോധനയ്ക്ക് ഇന്ന് തുടക്കമാകും. ആദ്യഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ഈ മാസം 22 ന് രണ്ടാംഘട്ട വോട്ടെടുപ്പും നടക്കും.[]

രാജ്യത്തിന് പുറത്ത് കഴിഞ്ഞ ദിവസം ജനഹിത പരിശോധനാ വോട്ടെടുപ്പ് നടന്നിരുന്നു. അതേസമയം, രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.

ഹിതപരിശോധ തള്ളിക്കളയണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭകര്‍ പ്രകടനം നടത്തുന്നത്. എന്നാല്‍ രാജ്യത്തെ നിലനിര്‍ത്താനുള്ള ശ്രമമാണ് ഹിതപരിശോധനയിലൂടെ നടത്തുന്നതെന്നും ഇതിനായി മുഴുവന്‍ ജനങ്ങളും പുതിയ ഭരണഘടനയെ അംഗീകരിക്കണമെന്നും മുസ്‌ലിം ബ്രദര്‍ ആഹ്വാനം ചെയ്തു.

ഇതിന്റെ ഭാഗമായി  ഇന്നലെ പള്ളിപരിസരത്ത് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പ്രകടനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ മുര്‍സിയെ എതിര്‍ക്കുന്നവരേയും പിന്തുണക്കുന്നവരേയും രണ്ടായി പിളര്‍ക്കുന്നതാണ് ഹിതപരിശോധനയെന്നും രാജ്യത്തെ നശിപ്പിക്കുന്ന പദ്ധതിയില്‍ നിന്ന് പ്രസിഡന്റ് പിന്തിരിയണമെന്നുമാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു.

മുര്‍സി അനുകൂലികളും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇന്നലെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. ഇന്നലെ രാത്രിയും ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നിരുന്നു.

പുതിയ ഭരണഘടന സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും മുസ്‌ലിം ശരീഅത് നിയമത്തിന് അനുകൂലമായിട്ടാണെന്നുമാണ് പ്രക്ഷോഭകരുടെ പ്രധാന ആരോപണം. നേരത്തേ പുതിയ ഭരണഘടന നിലവില്‍ വരുന്നത് വരെ തന്റെ പരമാധികാരം ചോദ്യം ചെയ്യാന്‍ കോടതിക്ക് അധികാരമില്ലെന്ന മുര്‍സിയുടെ വിജ്ഞാപനം പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പുതിയ ഭരണഘടനയുടെ കരട് തിടുക്കപ്പെട്ട് അംഗീകരിക്കുകയും ജനഹിത പരിശോധന നടത്താനും മുര്‍സി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

We use cookies to give you the best possible experience. Learn more