| Saturday, 24th November 2012, 11:05 am

മുര്‍സിയുടെ അമിതാധികാരത്തിനെതിരെ ഈജിപ്തില്‍ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റോ: പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അമിതാധികാരത്തിനെതിരെ ഈജിപ്തില്‍ വ്യാപക പ്രതിഷേധം. ഈജിപ്തില്‍ പുതിയ ഭരണഘടന നിലവില്‍ വരുന്നത് വരെ തന്റെ ഉത്തരവുകള്‍ കോടതിക്ക് ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്ന മുര്‍സിയുടെ വിജ്ഞാപനത്തിനെതിരെയാണ് രാജ്യത്ത് പ്രതിഷേധമിരമ്പുന്നത്.[]

ഹുസ്‌നി മുബാറക്കിന്റെ ഏകാധിപത്യ വാഴ്ച്ചക്ക് ശേഷം നടന്ന സ്വതന്ത്ര തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മുര്‍സിയുടെ പുതിയ നിലപാടുകള്‍ രാജ്യത്തെ വീണ്ടും ഏകാധിപത്യത്തിലേക്ക് നയിക്കുമെന്ന് പ്രക്ഷോഭകാരികള്‍ ആരോപിച്ചു.

മുര്‍സിക്കെതിരെ ഈജിപ്ത് നഗരത്തില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇവര്‍ക്കെതിരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.

മുസ്‌ലിം ബ്രദര്‍ഹുഡിന് ഭൂരിപക്ഷമുള്ള ഭരണഘടനാനിര്‍മാണസഭ പിരിച്ചുവിടാന്‍ കോടതിക്ക് അധികാരമുണ്ടാകില്ല എന്നും വിജ്ഞാപനത്തില്‍ പറയുന്നു.

നഗരത്തില്‍ മുര്‍സി അനുകൂലികളും വിരുദ്ധരും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുര്‍സിയുടെ പുതിയ നിലപാടിലൂടെ മാസങ്ങളായി നീണ്ടുനിന്ന മുസ്‌ലിം ബ്രദര്‍ഹുഡും പ്രക്ഷോഭകാരികളും ഏറ്റുമുട്ടുകയാണ്. മുര്‍സി മറ്റൊരു സ്വേച്ഛാധിപതിയാവുകയാണെന്ന പ്രക്ഷോഭകാരികളുടെ വാദത്തിന് ശക്തി പകരുന്നതാണ് അദ്ദേഹത്തിന്റെ പുതിയ തീരുമാനം.

ഈജിപ്തില്‍ മുര്‍സി അധികാരത്തിലെത്തിയതിന് ശേഷം വിഭജിക്കപ്പെടുകയോ ശോഷിക്കപ്പെടുകയോ ചെയ്ത റിബലുകള്‍ 5 മാസം പിന്നിടുന്ന മുര്‍സി സര്‍ക്കാരിനെതിരെ മറ്റൊരു തെരുവ് പ്രചരണത്തിനായുള്ള തയ്യാറെടുപ്പിലാണ്.

ഹുസ്‌നി മുബാറക്കിനെ അധികാരത്തില്‍ നിന്ന് പുറത്താക്കയതിന് ശേഷം തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മുഹമ്മദ് മുര്‍സി അധികാരങ്ങള്‍ കൈവശപ്പെടുത്തുകയാണെന്നും നിയമങ്ങളില്‍ കൈകടത്തുകയും തങ്ങള്‍ക്കനുകൂലമായി പുതിയ നിയമങ്ങള്‍ എഴുതിച്ചേര്‍ക്കുകയാണെന്നും ഈജിപ്തിലെ ലിബറലുകളും സെക്യുലറുകളും ആശങ്കപ്പെടുന്നു.

മുര്‍സിയുടെ പുതിയ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനും ഇവര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മുര്‍സിയുടെ വിജ്ഞാപനത്തെ എങ്ങനെ കൈകാര്യം  ചെയ്യണമെന്ന് ചര്‍ച്ച ചെയ്യുന്നതിനായി ജഡ്ജിമാരുടെ അടിയന്തിര യോഗവും ഇന്ന് ചേരുന്നുണ്ട്.

സംസാരമല്ല, പ്രവര്‍ത്തിയാണ് തങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാവുക എന്നാണ് ജഡ്ജിമാരുടെ സംഘടനാ അധ്യക്ഷന്‍ അഹമ്മദ് അല്‍ സിന്ത് മുര്‍സിയുടെ നിലപാടിനെതിരെ പ്രതികരിച്ചത്.

ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ കഴിഞ്ഞ ദിവസം ആയിരങ്ങളാണ് ഇന്നലെ അണിനിരന്നത്. അലക്‌സാണ്ട്രിയയില്‍ മുര്‍സി വിരുദ്ധര്‍ ബ്രദര്‍ഹുഡിനെതിരെ കടുത്ത പ്രതിഷേധപ്രകടനം നടത്തി. സംഭവത്തില്‍ 15 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സൂയിസ് കനാലിന് സമീപമുള്ള ബ്രദര്‍ഹുഡ് ഓഫീസ് പ്രതിഷേധക്കാര്‍ കത്തിച്ചു. ഈജിപ്തിന്റെ ദക്ഷിണമേഖലയില്‍ ഇസ്‌ലാമിസ്റ്റുകളും പഴയ ജിഹാദിസ്റ്റുകളും ലിബറലുകളും ഏറ്റുമുട്ടി.

രാജ്യത്ത് ഇസ്‌ലാമികവാഴ്ച്ച സ്ഥിരപ്പെടുത്താനുള്ള ബ്രദര്‍ഹുഡിന്റെ പദ്ധതിയുടെ ഭാഗമായാണ് മുര്‍സിയുടെ പുതിയ നീക്കമെന്നും ലിബറലുകള്‍ ആരോപിക്കുന്നു.

ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ മാധ്യസ്ഥം വഹിച്ച് വെടിനിര്‍ത്തല്‍ സാധ്യമാക്കിയതോടെ അന്താരാഷ്ട്ര പ്രശംസ നേടി നില്‍ക്കുന്ന സമയത്താണ് മുര്‍സിയുടെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.

We use cookies to give you the best possible experience. Learn more