| Sunday, 15th September 2024, 3:56 pm

വിനായക ചതുര്‍ത്ഥി; ഘോഷയാത്രക്കിടെ മുസ്‌ലിങ്ങളെ അധിക്ഷേപിച്ചു; ബീഹാറില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്ന: വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ഘോഷയാത്രക്കിടെ ബീഹാറില്‍ സംഘര്‍ഷം. ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനായി ഘോഷയാത്ര നിരത്തിലിറങ്ങിയതോടെയാണ് സംഘര്‍ഷമായുണ്ടായത്. ബീഹാറിലെ ഔറംഗബാദ് ജില്ലയിലെ റാഫിഗഞ്ചിലാണ് സംഭവം നടന്നത്.

ഘോഷയാത്രയില്‍ പങ്കെടുത്ത ഒരു സംഘം ആളുകള്‍ മുസ്‌ലിം സമുദായത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് റാഫിഗഞ്ചില്‍ സംഘര്‍ഷമുണ്ടായത്.

സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 40 പേര്‍ക്കെതിരെ ബീഹാര്‍ പൊലീസ് കേസെടുത്തതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. ഘോഷയാത്രക്കിടെ വര്‍ഗീയ പരാമര്‍ശം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതില്‍ ഒരു സംഘം ആളുകള്‍ മുസ്‌ലിങ്ങളെ ‘മിയ മാദാര്‍’ എന്ന് വിളിക്കുന്നതായി കേള്‍ക്കാം.

ഇതിനുപിന്നാലെയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഘോഷയാത്രകളില്‍ ഉണ്ടായിരുന്ന ഡി.ജെ സംവിധാനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ഇന്നലെ (ശനിയാഴ്ച) തെലങ്കാനയില്‍ വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ഘോഷയാത്രകള്‍ കടന്നുപോകുന്ന വഴികളിലെ മുസ്‌ലിം പള്ളികള്‍ അധികൃതര്‍ വെള്ളത്തുണി കൊണ്ട് മറച്ചിരുന്നു.

സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ പള്ളികള്‍ മറച്ചത്. നാമ്പള്ളിയിലെ ഏക് മിനാര്‍ മസ്ജിദ്, മൊസാംജാഹി മാര്‍ക്കറ്റിലെ മസ്ജിദ് ഇ മെഹബൂബ് ഷാഹി, സിദ്ധിയംബര്‍ ബസാറിലെ ജാമിയ മസ്ജിദ് എന്നിവ ഘോഷയാത്രകള്‍ കടന്നുപോകുന്ന പാതയിലെ പ്രധാന മസ്ജിദുകളാണ്.

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഘോഷയാത്രകള്‍ നിയന്ത്രിക്കാന്‍ തെലങ്കാനയിലെ മുഴുവന്‍ ഫോഴ്‌സുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തെലങ്കാനയില്‍ ഘോഷയാത്രകള്‍ കടന്നുപോകുന്നതിന് പള്ളികള്‍ തുണികള്‍ കൊണ്ട് മറയ്ക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.

Content Highlight: Clashes in Bihar during a procession related to Vinayaka Chaturthi

We use cookies to give you the best possible experience. Learn more