| Thursday, 13th June 2024, 11:28 am

ജാവിയര്‍ മിലെയുടെ സാമ്പത്തിക പരിഷ്‌കരണത്തിനെതിരെ അര്‍ജന്റീനയില്‍ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്യൂണസ് ഐറിസ്: സാമ്പത്തിക പരിഷ്‌കരണ ചര്‍ച്ചകള്‍ക്കിടയില്‍ അര്‍ജന്റീനയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം. പൊതു വ്യവസായത്തെ സ്വകാര്യവല്‍ക്കരിക്കുന്ന പ്രസിഡന്റ് ജാവിയര്‍ മിലെയുടെ നയങ്ങള്‍ക്കെതിരെയാണ് വ്യാപക പ്രതിഷേധം ഉണ്ടായത്. സ്വകാര്യവത്കരണത്തിനനുകൂലമായ ബില്‍ സെനറ്റില്‍ പാസാക്കാനിരിക്കെയാണ് സംഘര്‍ഷം ഉണ്ടായത്.

സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കാവശ്യമായ ചര്‍ച്ചകള്‍ സെനറ്റില്‍ നടന്നു കൊണ്ടിരിക്കെ ആയിരക്കണക്കിനാളുകള്‍ ബ്യൂണസ് ഐറിസിന്റെ തെരുവുകളില്‍ പ്രതിഷേധ പ്രകടനം ആരംഭിക്കുകയായിരുന്നു. സാമൂഹിക ഗ്രൂപ്പുകളില്‍ നിന്നും യൂണിയനുകളില്‍ നിന്നുമുള്ള പ്രതിഷേധക്കാരാണ് പ്രകടനം നടത്തിയത്.

ബില്ലില്‍ അടങ്ങിയിരിക്കുന്ന നിര്‍ദ്ദിഷ്ട ചെലവുചുരുക്കല്‍ നടപടികള്‍ക്കെതിരേയുമായിരുന്നു പ്രതിഷേധം. പ്രതിഷേധം കനത്തതോടെ പൊലീസ് ആളുകള്‍ക്കെതിരെ ലാത്തിയും പ്ലാസ്റ്റിക് ഷീല്‍ഡുകളുമായി വരികയായിരുന്നു.

പ്രതിഷേധക്കാരെ പിടിച്ചു മാറ്റാനെത്തിയ പൊലീസ് കണ്ണീര്‍ വാതകം, റബ്ബര്‍ ബുള്ളറ്റുകള്‍, ജലപീരങ്കികള്‍ തുടങ്ങിയവ ഉപയോഗിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന സഘര്‍ഷത്തില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.

അര്‍ജന്റീനയുടെ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് ഇതിനകം തന്നെ ബില്ലുകള്‍ പാസാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു വര്‍ഷത്തേക്കുള്ള അഡ്മിനിസ്ട്രേറ്റീവ്, സാമ്പത്തിക, ഊര്‍ജ കാര്യങ്ങളിലുള്ള നടപടികളാണ് ബില്ലില്‍ ഉള്‍പ്പെടുന്നത്.

നിരവധി പ്രതിപക്ഷ നിയമസഭാംഗങ്ങളും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് നിരവധിയാളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ പലരുടെയും മുറിവുകള്‍ ആഴത്തിലുള്ളതാണെന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുമ്പും മിലെയുടെ പരിഷകരങ്ങള്‍ വ്യാപകമായ തോതിലുള്ള എതിര്‍പ്പുകള്‍ നേരിട്ടിട്ടുണ്ട്. അധികാരമേറ്റതിനു ശേഷം ഗതാഗതം, വനിതാ ക്ഷേമം, തൊഴില്‍, പരിസ്ഥതി, സാമൂഹിക വികസനം, വിദ്യാഭ്യാസം, ടൂറിസം തുങ്ങിയവയുടെ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ നിര്‍ത്താനുള്ള നീക്കം മിലെ നടത്തിയിട്ടുണ്ട്. നിലവില്‍ മിലെ എടുക്കുന്ന നിലപാടുകളോരോന്നും ജനവിരുദ്ധമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Content Highlight: Clashes erupt between police and protesters as Argentina debates reform

We use cookies to give you the best possible experience. Learn more