കെജ്‌രിവാളിന്റെ അറസ്റ്റ്; പ്രധാനമന്ത്രയുടെ വസതി ഘരാവോ ചെയ്യാന്‍ അനുമതിയില്ല, ദല്‍ഹിയില്‍ സംഘര്‍ഷം
ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് അനുമതിയില്ല. പ്രതിഷേധ മാര്‍ച്ചിന് പിന്നാലെ ദല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷന് സമീപത്തായി എ.എ.പി നേതാക്കള്‍ പ്രതിഷേധിക്കുകയാണ്. പ്രതിഷേധത്തില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പഞ്ചാബ് മന്ത്രി ഹര്‍ജോത് സിങ് ബെയിന്‍സും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്ത്രീകളടക്കമുള്ളവരുടെ വലിയ പങ്കാളിത്തമാണ് മോദിയുടെ വസതിയിലേക്കുള്ള പ്രതിഷേധ മാര്‍ച്ചില്‍ ഉള്ളത്. ആംആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കികൊണ്ട് പഞ്ചാബില്‍ നിന്ന് നിരവധി ആളുകളാണ് ദല്‍ഹിയില്‍ എത്തിയിരിക്കുന്നത്.
നിലവില്‍ മോദിയുടെ വസതിക്ക് ചുറ്റുമായി കൂടുതല്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ദേവേഷ് കുമാര്‍ മഹ്ല പറഞ്ഞു ന്യൂദല്‍ഹി മേഖലയില്‍ 50 പട്രോലിങ് വാഹനങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തുള്ള പ്രദേശങ്ങളില്‍ നിലവില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ത്യാ മുന്നണി മഹാറാലി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് നേതാക്കള്‍ അറിയിച്ചു. മാര്‍ച്ച് 31ന് ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ മഹാറാലി നടക്കുമെന്ന് ദല്‍ഹി മന്ത്രിയും എ.എ.പി നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.
മാര്‍ച്ച് 31ന് നടക്കുന്ന റാലി കേവലമൊരു രാഷ്ട്രീയ റാലി മാത്രമല്ലെന്നും രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനും ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താനുമുള്ള ആഹ്വാനമാണെന്നും ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു.
Content Highlight: Clashes during Aam Aadmi Party’s protest march in Delhi