| Tuesday, 30th August 2022, 11:33 am

ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് ശിയാ നേതാവ് മുഖ്തദ സദര്‍; പിന്നാലെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഗ്ദാദ്: രാഷ്ട്രീയം വിടുന്നുവെന്ന പ്രഖ്യാപനവുമായി ഇറാഖിലെ ശിയാ നേതാവ് മുഖ്തദ സദര്‍. രാജ്യത്തെ രാഷ്ട്രീയകാര്യങ്ങളില്‍ ഇനി ഇടപെടില്ലെന്ന് രണ്ടു മാസം മുന്‍പ് മുഖ്തദ സദര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും രാഷ്ട്രീയത്തില്‍ നിന്നു മാറിനില്‍ക്കുകയാണെന്ന കാര്യം കഴിഞ്ഞ ദിവസമാണ് സദര്‍ വ്യക്തമാക്കിയത്.

ഇതോടെ നിരവധി പേരാണ് സദറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സര്‍ക്കാര്‍ മന്ദിരങ്ങള്‍ വളഞ്ഞ സമരക്കാരെ പിന്തിരിപ്പിക്കാനായി സൈന്യം വെടിയുതിര്‍ത്തിരുന്നു. ഇതില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പ്രതിഷേധം പ്രക്ഷുബ്ധമായതോടെ സദര്‍ നിരാഹാരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷിതമേഖലയായ ഗ്രീന്‍ സോണില്‍ പ്രവേശിച്ച പ്രവര്‍ത്തകര്‍ റിപബ്ലിക്കന്‍ കൊട്ടാരം അടക്കമുള്ള സര്‍ക്കാര്‍ കാര്യാലയങ്ങള്‍ കൈയേറിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇതോടെയാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി സൈന്യം വെടിയുതിര്‍ത്തത്. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകവും ബുള്ളറ്റുകളും പ്രയോഗിച്ചിരുന്നു. ഇതില്‍ 300ലേറെ പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ എല്ലാ യോഗങ്ങളും പ്രധാനമന്ത്രി പ്രധാനമന്ത്രി മുസ്തഫ അല്‍കാദിമി റദ്ദാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് പിന്മാറാന്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെടണമെന്ന് സദറിനോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് ബര്‍ഹാം സാലിഹും സംയമനം പാലിക്കാന്‍ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

കലാപം രൂക്ഷമായതോടെ ഇറാന്‍ ഇറാഖ് അതിര്‍ത്തി അടച്ചിരിക്കുകയാണ്. ഇറാഖിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

അതേസമയം ഇറാഖിലുള്ള തങ്ങളുടെ പൗരന്മാരോട് നാട്ടിലേക്ക് തിരിച്ചെത്താന്‍ കുവൈത്ത് ആവശ്യപ്പെട്ടു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

Content Highlight: clashes break out at iraq at muqtada sadr iraq declared resignation from politics

We use cookies to give you the best possible experience. Learn more