'ജോര്‍ദാനിയന്‍ മണ്ണില്‍ സയണിസ്റ്റ് എംബസി വേണ്ട'; ഫലസ്തീന്‍ അനുകൂല റാലിക്കിടയില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി
World News
'ജോര്‍ദാനിയന്‍ മണ്ണില്‍ സയണിസ്റ്റ് എംബസി വേണ്ട'; ഫലസ്തീന്‍ അനുകൂല റാലിക്കിടയില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th March 2024, 5:02 pm

അമ്മാന്‍: ജോര്‍ദാനിലെ ഫലസ്തീന്‍ അനുകൂല റാലിയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍. ഗസയില്‍ ഇസ്രഈലി സൈന്യം നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നും രാജ്യത്തെ സയണിസ്റ്റ് എംബസി അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിനിടയില്‍ പൊലീസും ഫലസ്തീന്‍ അനുകൂലികളും തമ്മില്‍ കൈയേറ്റമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറുകണക്കിന് ഫലസ്തീന്‍ അനുകൂലികളാണ് ഇസ്രഈല്‍ വിരുദ്ധ മുദ്രാവാക്യങ്ങളോടെ എംബസിയുടെ സമീപത്തേക്ക് എത്തിച്ചേര്‍ന്നത്.

‘ജോര്‍ദാനിയന്‍ മണ്ണില്‍ സയണിസ്റ്റ് എംബസി വേണ്ട’ എന്ന മുദ്രാവാക്യമുയര്‍ത്തി ഫലസ്തീന്‍ അനുകൂലികള്‍ എംബസിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രഈലുമായുള്ള സമാധാന ഉടമ്പടി ജോര്‍ദാന്‍ സര്‍ക്കാര്‍ റദ്ദാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിന് പ്രതിഷേധക്കാര്‍ പിന്തുണ നല്‍കുകയും ചെയ്തു. ‘പ്രതികാരം..പ്രതികാരം…ഓ ഹമാസ്, ടെല്‍ അവീവില്‍ ബോംബെറിയൂ’ എന്ന് ഫലസ്തീന്‍ അനുകൂലികള്‍ ആക്രോശിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഗസയിലെ അല്‍ ശിഫ ആശുപത്രി അടക്കമുള്ള ആരോഗ്യ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിന്റെ നീക്കത്തെ പ്രതിഷേധക്കാര്‍ ശക്തമായി അപലപിച്ചു. നെതന്യാഹുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗസയിലെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങളും ഔദ്യോഗിക സംഘടനകളും ഇടപെടല്‍ നടത്തണമെന്ന് ഫലസ്തീന്‍ അനുകൂലികള്‍ ആവശ്യപ്പെട്ടു.

അതേസമയം നിരവധി പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഫലസ്തീന്‍ അനുകൂലികളെ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. ഇസ്രഈല്‍ വിരുദ്ധ പ്രതിഷേധങ്ങളെ ജോര്‍ദാന്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Content Highlight: Clashes between police and protesters at a pro-Palestinian rally in Jordan