|

ആംസ്റ്റര്‍ഡാമില്‍ ഇസ്രഈല്‍ ഫുട്‌ബോള്‍ ആരാധകരും ഫലസ്തീന്‍ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആംസ്റ്റര്‍ഡാം: നെതര്‍ലാന്‍ഡ്‌സിന്റെ തലസ്ഥാന നഗരമായ ആംസ്റ്റര്‍ഡാമില്‍ ഇസ്രഈല്‍ ഫുട്‌ബോള്‍ ആരാധകരും ഫലസ്തീന്‍ അനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്ക്.

ഇന്നലെ (വ്യാഴാഴ്ച്ച) ഡച്ച് ടീമായ അയാക്‌സും ഇസ്രഈല്‍ ക്ലബ്ബായ മക്കാബി ടെല്‍ അവീവും തമ്മിലുള്ള മത്സരത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടാവുന്നത്. ഇരുടീമുകളും തമ്മിലുള്ള യൂറോപ്പ ലീഗ് മത്സരത്തിന് പിന്നാലെ സ്റ്റേഡിയത്തിന് പുറത്തെത്തിയ ഇസ്രഈല്‍ ക്ലബ് ആരാധകര്‍ ഫലസ്തീന്‍ അനുകൂലികള്‍ക്ക് നേരെ ഫലസ്തീന്‍ വിരുദ്ധമുദ്രാവാക്യങ്ങള്‍ വിളിച്ചതും ഫലസ്തീന്‍ പതാക വലിച്ച് കീറിയതുമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

മക്കാബി ടെല്‍ അവീവിന്റെ ആരാധകര്‍ മത്സരം തുടങ്ങുന്നതിന് മുന്നോടിയായി പ്രധാന സ്‌ക്വയറിലെത്തി ഇസ്രഈല്‍ പതാകകള്‍ ഉയര്‍ത്തി റാലി നടത്തിയിരുന്നെന്നും ഫലസ്തീന്‍ പതാകകള്‍ അഴിച്ച് മാറ്റിയതായും അല്‍ ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.

മത്സരം തുടങ്ങുന്നതിന് മുന്നോടിയായി സയണിസ്റ്റ് ആരാധകര്‍ ഫലസ്തീന്‍ പതാകകള്‍ അഴിച്ചുമാറ്റുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. എന്നാല്‍ തങ്ങളാണ് ആദ്യം ആക്രമിക്കപ്പെട്ടതെന്നാണ് മക്കാബി ആരാധകര്‍ വാദിക്കുന്നത്.

സംഘര്‍ഷത്തിന് പിന്നാലെ നിരവധിപേരെ ആംസ്റ്റര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. ഏകദേശം 62 പേരെ അറസ്റ്റ് ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ആംസ്റ്റര്‍ഡാമിലെ ഇസ്രഈല്‍ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ വിമാനങ്ങള്‍ അയയ്ക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ജമിന്‍ നെതന്യാഹു അറിയിച്ചിട്ടുണ്ട്. ആക്രമണത്തില്‍ 10 ഇസ്രഈലി പൗരന്മാര്‍ക്ക് പരിക്കേറ്റതായും രണ്ട് പേരെ കാണാതായതായും ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആക്രമണത്തെ ഗൗരവകരമായാണ് കാണുന്നതെന്നും ഈ വിഷയത്തില്‍ ഡച്ച് സര്‍ക്കാരും സുരക്ഷ സേനയും കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇസ്രഈലികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറിയിച്ചിരുന്നു.

Content Highlight: Clashes between Israeli football fans and Palestinian supporters in Amsterdam

Latest Stories