| Tuesday, 22nd October 2024, 3:20 pm

വഖഫ് വിഷയം ചര്‍ച്ച ചെയ്ത ജെ.പി.സി യോഗത്തില്‍ കയ്യാങ്കളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വഖഫ് വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി യോഗത്തില്‍ കയ്യാങ്കളി. സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്ല്യാണ്‍ ബാനര്‍ജിക്ക് പരിക്കേറ്റിറ്റുണ്ട്. ബി.ജെ.പി അംഗങ്ങളും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലായിരുന്നു തര്‍ക്കം.

സംഘര്‍ഷം നടക്കുന്നതിനിടെ തൃണമൂല്‍ എം.പിയായ കല്ല്യാണ്‍ ബാനര്‍ജിയുടെ കൈ ഗ്ലാസ് ബോട്ടിലില്‍ തട്ടിയാണ് അദ്ദേഹത്തിന് പരിക്കേറ്റത്.  ബാനര്‍ജിയുടെ കൈക്ക് നാല് തുന്നുകള്‍ ഉണ്ടെന്നാണ് വിവരം. ബി.ജെ.പി എം.പി അഭിജിത്ത് ഗംഗോപാധ്യയുമായുള്ള തര്‍ക്കത്തിനിടയിലാണ് സംഭവം.

സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് യോഗം അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. വഖഫ് ബില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ നിയോഗിച്ച പാര്‍ലമെന്റ് സമിതിയുടെ ചെയര്‍മാനായ ബി.ജെ.പിയുടെ ജഗദാംബിക പാല്‍ സമിതി അംഗങ്ങളോട് പക്ഷപാതപരമായി പെരുമാറുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജഗദാംപിക പാല്‍ വിരമിച്ച ജഡ്ജിമാരുടേയും മറ്റും അഭിപ്രായം കേള്‍ക്കുന്നതിനിടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു.

ബി.ജെ.പി എം.പിമാര്‍ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം പ്രതിപക്ഷ എം.പിമാര്‍ സമിതി ചെയര്‍മാനായ ജഗദാംപിക പാലിനെ ഭീഷണിപ്പെടുത്തിയെന്നും ഡോക്യുമെന്റ്‌സുകള്‍ വലിച്ച് കീറിയെന്നും ബിജെ.പിയും ആരോപിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പി എം.പി തേജസ്വി സൂര്യ ലോക്‌സഭ സ്പീക്കര്‍ക്ക് കത്തും അയച്ചിരുന്നു.

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് വഖഫ് ബോര്‍ഡുകളുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമനിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങിയത്. തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വ്യാപക വിമര്‍ശമുയര്‍ന്നതോടെ ഈ വിഷയത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷവും ഭരണപക്ഷവും ഉള്‍പ്പടുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയായിരുന്നു.

1995ലെ കേന്ദ്രവഖഫ് നിയമത്തില്‍ നാല്‍പതിലധികം ഭേദഗതികളായിരുന്നു കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. വഖഫ് ബോര്‍ഡുകളുടെ സ്വയംഭരണാധികാരത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ ഭേദഗതികള്‍.

വഖഫ് സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിന് വഖഫ് ബോര്‍ഡിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായിരിന്നു പുതിയ ബില്ലിലെ വ്യവസ്ഥകള്‍. പുതിയ ഭേദഗതി പ്രകാരം സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിന് മുമ്പായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടി വരുമായിരുന്നു. ഇത് ഭൂമിയും, കെട്ടിടവും ഉള്‍പ്പെടെയുള്ള വസ്തുക്കളെ വഖഫ് സ്വത്തായി പ്രഖ്യാപിക്കുന്നതിന് വഖഫ്ബോര്‍ഡിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായിരുന്നു.

Content Highlight: Clashes at the JPC meeting where the Waqf issue was discussed

We use cookies to give you the best possible experience. Learn more