ന്യൂദല്‍ഹി: ദല്‍ഹിയിലെ ഇസ്രഈല്‍ എംബസിയിലേക്ക് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. എംബസി പ്രദേശത്ത് പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 100 ലധികം വിദ്യാര്‍ത്ഥികള്‍ ദല്‍ഹിയിലെ ഖാന്‍ മെട്രോ സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടുകയും മാര്‍ച്ച് നടത്തുകയും ചെയ്തു.
ഇസ്രഈലിന്റെ ഫലസ്തീന്‍ വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചുകൊണ്ടാണ് വിവിധ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളോടൊപ്പം എസ്.എഫ്.ഐ മാര്‍ച്ച് സംഘടിപ്പിച്ചത്. എംബസിയുടെ രണ്ട് കിലോമീറ്റര്‍ അടുത്തേക്ക് പ്രതിഷേധ റാലി എത്തിയപ്പോഴേക്കും എസ്.എഫ്.ഐയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ വി.പി സാനുവിനെയടക്കം നിരവധി വിദ്യാര്‍ത്ഥികളെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മാര്‍ച്ചിന് പൊലീസ് അനുമതി ലഭിച്ചിട്ടില്ലെങ്കിലും എംബസിയിലേക്ക് പ്രതിഷേധ റാലി നടത്താന്‍ തന്നെയാണ് തീരുമാനമെന്ന് നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പോസ്റ്ററുകളും ബാനറുകളുമായി ജെ.എന്‍.യു, ദല്‍ഹി അടക്കമുള്ള സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുത്തത്. പ്രതിഷേധത്തെ തുടര്‍ന്ന് എംബസിയുടെ പരിസരങ്ങളില്‍ കേന്ദ്രസേനയും ദല്‍ഹി പൊലീസും കടുത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
‘എന്ത് തടസം നേരിട്ടാലും മാര്‍ച്ച് നടത്തിയിരിക്കും. പ്രതിഷേധങ്ങള്‍ക്ക് അനുമതി തരാതിരിക്കാന്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തിലേറെയായി. എത്ര ചോദിച്ചാലും കാര്യം ഇല്ല. അതുകൊണ്ട് പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ല,’ ജെ.എന്‍.യു യൂണിയന്‍ അധ്യക്ഷ ഐഷേ ഘോഷ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
രാജ്യം ഫലസ്തീന്‍ ജനതയോടൊപ്പം നില്‍ക്കണമെന്നും ഫലതീനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നുമാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.
Content Highlight: Clashes at S.F.I’s march to Israel Embassy in Delhi