|

ശിഷ്യന്‍ സീരിയസ് സബ്ജക്ടുമായി വരുമ്പോള്‍ ആശാന്റെ വരവ് പക്കാ കോമഡിയുമായി, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബേസില്‍- വിനീത് ക്ലാഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ സംവിധാനസഹായിയായി സിനിമാലോകത്തേക്കെത്തിയ ആളാണ് ബേസില്‍ ജോസഫ്. തിര എന്ന ചിത്രത്തിലൂടെയാണ് ബേസില്‍ സിനിമയിലേക്ക് കാലെടുത്തുവെച്ചത്. ഗുരുവായ വിനീത് ശ്രീനിവാസനെ നായകനാക്കിയാണ് ബേസില്‍ തന്റെ ആദ്യചിത്രമായ കുഞ്ഞിരാമായണം പൂര്‍ത്തിയാക്കിയത്. സംവിധാനത്തിന് പുറമെ അഭിനയത്തിലും ബേസില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

വിനീത് ശ്രീനിവാസന്‍ ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷത്തിലും മികച്ച വേഷം ബേസില്‍ കൈകാര്യം ചെയ്തിരുന്നു. അഭിനേതാവ് എന്ന തരത്തില്‍ ഇരുവരും തമ്മിലുള്ള ബോക്‌സ് ഓഫീസ് ക്ലാഷിനാണ് ഈ വെള്ളിയാഴ്ച മോളിവുഡ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ബേസില്‍ നായകനാകുന്ന പൊന്മാനും വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഒരു ജാതി ജാതകവുമാണ് ഈയാഴ്ചയിലെ പ്രധാന റിലീസുകള്‍.

കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറായ ജോതിഷ് ശങ്കര്‍ ആദ്യമായി സംവിധായകകുപ്പായമണിയുന്ന ചിത്രമാണ് പൊന്മാന്‍. ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാര്‍ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് പൊന്മാന്‍ ഒരുങ്ങുന്നത്. കോമഡി വേഷങ്ങള്‍ വിട്ട് പൂര്‍ണമായും സീരിയസ് ട്രാക്കിലാണ് പൊന്മാനില്‍ ബേസിലിന്റെ കഥാപാത്രം.

ബേസില്‍ ജോസഫിന് പുറമെ സജിന്‍ ഗോപു, ദീപക് പരമ്പോല്‍, ആനന്ദ് മന്മഥന്‍, ലിജോമോള്‍ തുടങ്ങി വന്‍ താരനിര പൊന്മാനില്‍ അണിനിരക്കുന്നുണ്ട്. കൊല്ലത്തെ നാലഞ്ച് യുവാക്കളുടെയും അവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന കഥ. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന്റെ സംഗീതം. അജിത് വിനായക ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ജാതി ജാതകം. വിനീത് ശ്രീനിവാസന്‍ ഇതുവരെ കാണാത്ത തരത്തില്‍ പൂര്‍ണമായും ഹ്യൂമറസ് കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. നിഖില വിമല്‍, കയദു ലോഹര്‍, ഇന്ദു തമ്പി, സയനോര ഫിലിപ്പ്, ഐശ്വര്യ മിഥുന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

ഇവര്‍ക്ക് പുറമെ ബാബു ആന്റണി, കുഞ്ഞികൃഷ്ണന്‍, സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയരായ അലമ്പന്‍സ് യൂട്യൂബ് ചാനലിലെ അലന്‍ താഹ, ചിപ്പി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 30 കഴിഞ്ഞിട്ടും കല്യാണം കഴിയാതെ നില്‍ക്കുന്ന യുവാവിന്റെ പരിശ്രമങ്ങളാണ് ചിത്രം പറയുന്നത്. ജനുവരി 31ന് ചിത്രം തിയേറ്ററുകളിലെത്തും. ഗുരുവും ശിഷ്യനും തമ്മിലുള്ള ക്ലാഷില്‍ ആര് ജയിക്കുമെന്ന് കാണാന്‍ സോഷ്യല്‍ മീഡിയ കാത്തിരിക്കുകയാണ്.

Content Highlight: Clash Release between Vinneth Sreenivasan and Basil Joseph discussing on social media

Video Stories