ഡെറാഡൂണ്‍: മുസ്‌ലിം ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിയുടെ ആരോപണത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ സംഘര്‍ഷം. ആരോപണത്തിന് പിന്നാലെ സംഭവസ്ഥലത്തെ 120 കടയുടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. കടകള്‍ നടത്താനുള്ള ലൈസന്‍സ് കൈവശമുണ്ടോയെന്ന് പരിശോധിക്കാനെന്ന വ്യാജേനയാണ് കസ്റ്റഡി.
സെപ്റ്റംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. ഡെറാഡൂണിലെ പള്‍ട്ടന്‍ മാര്‍ക്കറ്റിലെ ചെരുപ്പ് കടയിലെ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ പരാതി. വിവരം വിദ്യാര്‍ത്ഥി രക്ഷിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പൊലീസ് പറഞ്ഞു.
വിദ്യാര്‍ത്ഥിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഉമറാണ് അറസ്റ്റിലായത്. ബി.എന്‍.എസ് (ഭാരതീയ ന്യായ സംഹിത)യിലെ ലൈംഗികാതിക്രവുമായി ബന്ധപ്പെട്ട വകുപ്പുകളായ 74, 75 (2) എന്നിവ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സ്വദേശിയായ മുഹമ്മദ് ഉമര്‍ കുറച്ച് വര്‍ഷങ്ങളിലായി ഡെറാഡൂണിലാണ് ജോലി ചെയ്യുന്നത്. നിലവില്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ജീവനക്കാരന്‍ ന്യൂനപക്ഷ സമുദായക്കാരനാണെന്ന് ആരോപിച്ച് തീവ്രവലതുപക്ഷ പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിക്കുകയും മാര്‍ക്കറ്റിലെ മുഴുവന്‍ കടയുടമകളുടെയും ലൈസന്‍സ് പരിശോധിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് 120 കടയുടമകളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ അടുത്തിടെയുണ്ടായ പ്രതിഷേധത്തിന് തൊട്ടുപിന്നാലെയാണ് പള്‍ട്ടന്‍ മാര്‍ക്കറ്റിലെ സംഭവം. ചമോലി ജില്ലയില്‍ അഹിന്ദുക്കളെതടയുമെന്നെഴുതിയ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രതിഷേധമുണ്ടായത്. തുടര്‍ന്ന് സംസ്ഥാനത്തെ മുസ്‌ലിം പ്രതിനിധികള്‍ ഉത്തരാഖണ്ഡ് ഡി.ജി.പിയെ കണ്ട് പരാതിപ്പെടുകയുണ്ടായി. എ.ഐ.എം.ഐ.എ നേതാക്കളാണ് ഇക്കാര്യം ഉന്നയിച്ച് ഡി.ജി.പി അഭിനവ് കുമാറിനെ കണ്ടത്.
ന്യൂനപക്ഷങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിനിധികള്‍ ഡി.ജി.പിയെ കണ്ടത്. സമീപ കാലങ്ങളില്‍ ഉത്തരാഖണ്ഡ് സാക്ഷിയാവുന്ന പലസംഭവങ്ങളും പരസ്പര സൗഹാര്‍ദത്തെ ബാധിക്കുന്നതാണെന്നും എ.ഐ.എം.ഐ.എ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
Content Highlight: Clash in Uttarakhand after student alleges misbehavior by Muslim employee