തൃശ്ശൂര്‍ നഗരസഭയില്‍ തമ്മിലടി. നഗരസഭയിലെ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് കൗണ്‍സിലില്‍ കൈയ്യാങ്കളി അരങ്ങേറിയത്. മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയില്‍ നേരത്തെ തന്നെ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു.
വെള്ളിയാഴ്ച മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുന്നതിനിടെ മേയര്‍ക്കെതിരെ പ്രതിഷേധം ഉയരുകയും ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയുമായിരുന്നു.
തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ആക്രമിച്ചെന്നും തള്ളിയിടാന്‍ ശ്രമിച്ചെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷം ആവശ്യപ്പെട്ടപ്രകാരമാണ് മാസ്റ്റര്‍ പ്ലാന്‍ അജണ്ട ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചത്.
എന്നാല്‍ യോഗം അവര്‍ തന്നെ അലങ്കോലമാക്കിയെന്ന് മേയര്‍ ആരോപിച്ചു. തന്നെ ഉപദ്രവിക്കുന്നഘട്ടം വന്നപ്പോള്‍ രക്ഷപ്പെട്ട് ക്യാബിനുള്ളില്‍ അഭയം തേടി. താന്‍ ഏറെ ഭീതിയിലെന്നും മേയര്‍ എം.കെ.വര്‍ഗീസ് പറഞ്ഞു.
നേരത്തെ പ്രതിപക്ഷ അംഗങ്ങളുടെയടക്കം നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് മാത്രമേ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുകയുള്ളുവെന്ന് മേയര്‍ വ്യക്തമാക്കിയിരുന്നു.
കോര്‍പ്പറേഷനില്‍ യു.ഡി.എഫ് – ബി.ജെ.പി അംഗങ്ങള്‍ അടക്കം 30 പേരാണ് പ്രതിപക്ഷത്തുള്ളത്. 25 പേരാണ് ഭരണപക്ഷത്തുള്ളത്. മാസ്റ്റര്‍ പ്ലാനിനെതിരെ പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച അടിയന്തിര പ്രമേയം മേയര്‍ അനുവദിച്ചിരുന്നില്ല.
ഇതിനെ തുടര്‍ന്നാണ് തര്‍ക്കം ആരംഭിച്ചത്. ഭരണ-പ്രതിപക്ഷ അംഗങ്ങളില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അതേസമയം തങ്ങള്‍ മേയറെ കൈയ്യേറ്റം ചെയ്യുകയോ മര്‍ദ്ദിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.