കൊച്ചി: പുതുവൈപ്പില്‍ വീണ്ടും പൊലീസ് അതിക്രമം. സമരക്കാര്‍ക്കെതിരെ പൊലീസിന്റെ ലാത്തിച്ചാര്‍ജ്.
സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ച് ഇന്നു രാവിലെ മുതല്‍ ഐ.ഒ.സി പ്ലാന്റ് നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചതിനെ സമരക്കാര്‍ എതിര്‍ത്തതോടെ പൊലീസ് ലാത്തിച്ചാര്‍ജ്ജു നടത്തുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു.
ഐ.ഒ.സി പ്ലാന്റിനെതിരെയുളള സമരത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഹൈക്കോടതി ജങ്ഷനില്‍ പ്രതിഷേധവുമായെത്തിയ സമരക്കാരെ പൊലീസ് മര്‍ദ്ദിക്കുകയും സ്ത്രീകളും കുട്ടികളും അടക്കം മൂന്നൂറിലേറെ പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ നിന്നും വിട്ടുപോകാന്‍ സമരക്കാര്‍ തയ്യാറാവാതിരുന്നതോടെയാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നത്.
ഐ.ഒ.സി പ്ലാന്റുമായി ബന്ധപ്പെട്ട ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമവിധി വരുംവരെ പ്രദേശത്തെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കണം എന്നതായിരുന്നു ചര്‍ച്ചയില്‍ സമരക്കാര്‍ ഉയര്‍ത്തിയ പ്രധാന ആവശ്യം. ഇത് അംഗീകരിച്ച മന്ത്രി നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കുമെന്നും ഇക്കാര്യം ജില്ലാ കലക്ടറെ അറിയിക്കുമെന്നും സമരക്കാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍ ഈ ഉറപ്പാണ് ലംഘിക്കപ്പെട്ടതോടെയാണ് വീണ്ടും സമരക്കാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പൊലീസിന്റെ സുരക്ഷയില്‍ ജില്ലാ കലക്ടറുടെ അനുമതിയോടുകൂടിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് സമരക്കാര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.