national news
ഹനുമധ്വജയ്ക്ക് പകരം ദേശീയ പതാക; പഞ്ചായത്ത് കൊടിമരത്തില്‍ നിന്ന് കാവി പതാക നീക്കം ചെയ്തതില്‍ കര്‍ണാടകയില്‍ സംഘര്‍ഷം
ബംഗളൂരു: പഞ്ചായത്തിന്റെ കൊടിമരത്തില്‍ നിന്ന് ഹനുമാന്റെ ഛായാചിത്രം ആലേഖനം ചെയ്ത കൊടികള്‍ നീക്കം ചെയ്ത് ദേശീയ പതാക സ്ഥാപിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയിലെ കേരഗോഡു ഗ്രാമത്തില്‍ സംഘര്‍ഷം.
സംസ്ഥാനത്തെ അധികാരികള്‍ ഞായറാഴ്ച 108 അടി ഉയരമുള്ള കൊടിമരത്തില്‍ നിന്ന് ഹനുമധ്വജ എന്നെഴുതിയ കൊടികള്‍ നീക്കം ചെയ്തതിന് പിന്നാലെ സിദ്ധരാമയ്യ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലില്‍ സംസ്ഥാന പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഹനുമധ്വജയ്ക്ക് പകരം ദേശീയ പതാക സ്ഥാപിച്ചതിനെതിരെ ബി.ജെ.പി, ജെ.ഡി(എസ്) ബജ്രംഗ്ദള്‍ തുടങ്ങിയ രാഷ്ട്രീയ സംഘടനകളോടൊപ്പം കേരഗോഡു ഗ്രാമത്തിലെ ഏതാനും താമസക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. പതാക നീക്കം ചെയ്യുമെന്ന് നേരത്തെ ഗ്രാമവാസികളെ അറിയിച്ചിരുന്നെന്നും നടപടികള്‍ക്കിടയില്‍ പൊലീസുമായി പ്രതിഷേധക്കാര്‍ കയ്യാങ്കളിയുണ്ടായെന്നും ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
നീക്കം ചെയ്യപ്പെട്ട കൊടിമരം സ്ഥാപിക്കുന്നതിന് ബി.ജെ.പി, ജെ.ഡി(എസ്) പ്രവര്‍ത്തകരാണ് നേതൃത്വം നല്‍കിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതിനായി കേരഗോഡുവിലെയും 12 സമീപ ഗ്രാമങ്ങളിലെയും ആളുകളും ഏതാനും സംഘടനകളും ധനസഹായം നല്‍കിയതായും പൊലീസ് വ്യക്തമാക്കി.
ഹനുമാന്റെ ചിത്രം ഉള്‍ക്കൊള്ളുന്ന കാവി പതാക പൊതുസ്ഥാപനത്തില്‍ ഉയര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി ഏതാനും വ്യക്തികള്‍ പരാതി തദ്ദേശീയ അധികാരികള്‍ക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസര്‍ പതാക നീക്കം ചെയ്യാന്‍ ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
വിഷയത്തില്‍ പൊലീസ് അധികൃതര്‍ ഇടപെട്ടതോടെ ‘ജയ് ശ്രീറാം, ജയ് ഹനുമാന്‍’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍
അധികൃതരുടെ സമീപത്തേക്ക് ആഞ്ഞടുത്തുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
കൊടിമരത്തിന്റെ സ്ഥാനം പഞ്ചായത്തിന്റെ അധീനതയിലാണെന്നും റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുമതി ലഭിച്ചിരുന്നെന്നും മാണ്ഡ്യ ജില്ലാ ചുമതലയുള്ള മന്ത്രി എന്‍. ചെലുവരയ്യസ്വാമി വ്യക്തമാക്കി.
Content Highlight: Clash in Karnataka over removal of saffron flag from panchayat flagpole