തിരുവനന്തപുരം: കാസര്‍കോട്ടെ പൊട്ടിത്തെറിക്ക് പിന്നാലെ തിരുവനന്തപുരം ബി.ജെ.പിയിലും രാജി. കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് പിന്നാലെ നടത്തിയ മണ്ഡലം ഭാരവാഹി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്ത് പൊട്ടിത്തെറി. ഭാരവാഹി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം എസ്. മഹേഷ് കുമാര്‍ രാജിവെച്ചു.
തിരുവനന്തപുരം മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയ നേതാവിനെ ഭാരവാഹി നിര്‍ണയത്തില്‍നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.
കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ ചുമതല ഏറ്റെടുത്ത ശേഷം തിരുവനന്തപുരത്ത് നാല് മണ്ഡലങ്ങളില്‍ പ്രസിഡന്റുമാരെ നിയമിച്ചിരുന്നു. ഗ്രൂപ്പ് തര്‍ക്കത്തെത്തുടര്‍ന്ന് ഭാരവാഹി നിര്‍ണയങ്ങള്‍ മാറ്റിവെച്ചിരിക്കുകയായിരുന്നു.
സംസ്ഥാനാധ്യക്ഷന്‍ ഗ്രൂപ്പടിസ്ഥാനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം ഗ്രൂപ്പ് കളിക്ക് കൂട്ടുനില്‍ക്കുകയാണെന്നും രാജിവെച്ച മഹേഷ് കുമാര്‍ പറഞ്ഞു. പാര്‍ട്ടിയില്‍നിന്നും 200 ഓളം പേര്‍ രാജിക്കൊരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് നടത്തിയ വോട്ടെടുപ്പില്‍ വലിയശാല പ്രവീണായിരുന്നു കൂടുതല്‍ വോട്ടുകള്‍ നേടിയത്. എന്നാല്‍ ഇദ്ദേഹത്തെ പരിഗണിക്കാതെ മൂന്നാം സ്ഥാനത്തെത്തിയ കൗണ്‍സിലര്‍ കൂടിയായ എസ്.കെ.പി രമേശിനെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഇതോടെ മണ്ഡലത്തിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.