Kerala News
യൂത്ത് കോണ്‍ഗ്രസ് ബഫര്‍സോണ്‍ പ്രതിഷേധത്തിനിടെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കയറി; കൂരാച്ചുണ്ടില്‍ സംഘര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 21, 05:59 pm
Wednesday, 21st December 2022, 11:29 pm

 

കോഴിക്കോട്: കൂരാച്ചുണ്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടിക്കിടെ സംഘര്‍ഷം. സി.പി.ഐ.എം പ്രവര്‍ത്തകരും പ്രതിഷേധക്കാരും തമ്മിലാണ് സംഘര്‍മുണ്ടായത്.

കൂരാച്ചുണ്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ കോലം കത്തിച്ചു. ഇതില്‍ പ്രതിഷേധിച്ച് പരിപാടിയിലേക്ക് പ്രാദേശിക സി.പി.ഐ.എം പ്രവര്‍ത്തകരെത്തിയതോടെ സംഘര്‍മുണ്ടാവുകയായിരുന്നു.

ബഫര്‍സോണ്‍ വിഷയത്തിലും വന്യജീവി ശല്യത്തിലും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല എന്നുമാരോപിച്ചായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. കൂരാച്ചുണ്ട് ടൗണിലായിരുന്നു പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ഇത്തരം പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയെയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. സംസ്ഥാനത്തിന്റെ നിലപാട് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ഉത്കണ്ഠകള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടു കൊണ്ടുള്ളതാണ്.

വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും പരിധിയില്‍ വരുന്ന ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇക്കളോജിക്കല്‍ സെന്‍സിറ്റീവ് സോണുകളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉറച്ച നിലപാടെന്നും മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും തെറ്റിദ്ധാരണാജനകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.