ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാലിലെ പള്ളിയില്‍ സര്‍വേ നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചു.
നയീം, ബിലാല്‍, നിമാന്‍ എന്നിവരാണ് പൊലീസുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ 20 ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജുമാ മസ്ജിദിന്റെ രണ്ടാമത്തെ സര്‍വേയ്ക്കിടെ പൊലീസ് സംഘത്തിന് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം രൂക്ഷമായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
‘സ്ഥലത്തെ ജനക്കൂട്ടത്തില്‍ നിന്ന് ചില അക്രമികള്‍ പുറത്തിറങ്ങി പോലീസ് സംഘത്തിന് നേരെ കല്ലെറിയുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് ചെറിയ ബലപ്രയോഗവും കണ്ണീര്‍ വാതകവും പ്രയോഗിച്ചു,’ പോലീസ് സൂപ്രണ്ട് കൃഷ്ണ കുമാര്‍ വിഷ്ണോയ് പറഞ്ഞു. കല്ലെറിഞ്ഞവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമുഅ മസ്ജിദിന് സമീപമാണ് സംഘര്‍ഷമുണ്ടായത്. അടുത്തിടെ മസ്ജിദ് ക്ഷേത്രത്തിന്റെ അവശിഷ്ടത്തില്‍ പണിതതാണെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ ഹരജിയില്‍ സര്‍വേ നടത്താന്‍ സംഭാല്‍ ജില്ലാ കോടതി ഉത്തരവിടുകയായിരുന്നു. സംഭാലിലെ ശ്രീ ഹരി മന്ദിറിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് മസ്ജിദ് നിര്‍മിച്ചതെന്നാണ് അഭിഭാഷകന്‍ സംഭാല്‍ ജില്ലാ കോടതിയില്‍ വാദിച്ചത്
കോടതി ഉത്തരവിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെയാണ് സംഭാലില്‍ സംഘര്‍ഷമുണ്ടായത്. രാവിലെ ആറ് മണിയോടെയാണ് ഡി.എം രാജേന്ദ്ര പാന്‍സിയയുടെ നേതൃത്വത്തില്‍ സര്‍വേ ആരംഭിക്കുകയായിരുന്നു.
നവംബര്‍ 19ന് സംഭാലില്‍ ലോക്കല്‍ പൊലീസിന്റെയും മസ്ജിദ് മാനേജ്മെന്റിന്റെയും സാന്നിധ്യത്തില്‍ സമാനമായ സര്‍വേ നടന്നിരുന്നു. ഈ പരിശോധനയില്‍ ക്ഷേത്രത്തോട് സാമ്യമുള്ള ചിഹ്നങ്ങളോ വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പിന്നാലെ കമ്മീഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താനാണ് കോടതി ഉത്തരവിട്ടത്. ഏഴു ദിവസത്തിനകം സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.
Content Highlight: Clash during mosque survey in Sambhal; Three persons shot dead