| Tuesday, 12th March 2019, 5:23 pm

കോട്ടയത്ത് ചാഴികാടന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങില്ല; ബഹളത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ യോഗം പിരിച്ചു വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: തോമസ് ചാഴികാടന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി ചേര്‍ന്ന യോഗം ബഹളത്തെ തുടര്‍ന്ന് പിരിച്ചു വിട്ടു. ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ കഴിയില്ലെന്നും വി.എന്‍.വാസവനെ എതിരിടാന്‍ പറ്റിയ സ്ഥാനാര്‍ഥി അല്ലെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നതോടെയാണ് യോഗം ബഹളത്തില്‍ കലാശിച്ചത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നാടകീയ രംഗങ്ങള്‍. ചാഴികാടന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങില്ലെന്നും സ്ഥാനാര്‍ഥിയെ മാറ്റണമെന്നും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ബഹളം രൂക്ഷമായതോടെ യോഗം അവസാനിക്കുന്നതിന് മുന്‍പ് തന്നെ പിരിച്ചുവിട്ടു.

അതേസമയം കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ വി.എന്‍ വാസവനും ജോസ് കെ.മാണിയും തമ്മില്‍ ധാരണയുളളതായി സംശയമെന്ന് ജോസഫ് വിഭാഗം നേതാവ് ടി.യു.കുരുവിള ആരോപിച്ചു. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് സംശയിക്കുന്നത്. ഇടതുമുന്നണിയെ ജയിപ്പിക്കാന്‍ വേണ്ടിയാണ് ചാഴിക്കാടനെ നിര്‍ത്തുന്നത്. തോമസ് ചാഴിക്കാടനേക്കാള്‍ വിജയസാധ്യത പി.ജെ.ജോസഫിനാണെന്നും ടി.യു കുരുവിള കോതമംഗലത്ത് പറഞ്ഞു.

Read Also : “അച്ഛനും മോനും കൂടി യു.ഡി.എഫിന്റെ ഉറച്ച സീറ്റ് കളഞ്ഞു”; ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പേജില്‍ കോണ്‍ഗ്രസുകാരുടെ തെറിവിളി

കഴിഞ്ഞ ദിവസമാണ് കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നത്. ഇതിനെതിരെ പരസ്യപ്രതിഷേധം അറിയിച്ച് കൊണ്ടായിരുന്നു പി.ജെ. ജോസഫ് രംഗത്തെത്തിയത്. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കടുത്ത അമര്‍ഷമുണ്ടെന്നും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളാണെന്ന് പറഞ്ഞാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്നും ഇത് അംഗീകരിക്കാനാവില്ല. പാര്‍ട്ടിയുടെ തീരുമാനം നീതിപൂര്‍വ്വമല്ലെന്ന് പ്രതികരിച്ച അദ്ദേഹം തന്റെ നിലപാട് യു.ഡി.എഫ്. നേതാക്കളെ അറിയിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കേരള കോണ്‍ഗ്രസ്(എം) കോട്ടയത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കോട്ടയത്ത് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് പി.ജെ. ജോസഫ് പരസ്യമായി ആവശ്യമുന്നയിച്ചിരുന്നെങ്കിലും അദ്ദേഹത്തെ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു മാണിവിഭാഗത്തിന്റെ തീരുമാനം. ഇതിനുപിന്നാലെ പി.ജെ. ജോസഫ് വിഭാഗം ജോസഫിന്റെ തൊടുപുഴയിലെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിനിടെയാണ് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

We use cookies to give you the best possible experience. Learn more