| Monday, 11th November 2024, 7:02 pm

സംസ്ഥാന സ്‌കൂള്‍ കായികമേള; സമാപന ചടങ്ങിനിടെ സംഘര്‍ഷം, വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങിനിടെ സംഘര്‍ഷം. സ്‌പോര്‍ട്‌സ് സ്‌കൂളുകളെ കിരീടത്തിന് പരിഗണിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്. നാവാമുകുന്ദ, മാര്‍ ബേസില്‍ സ്‌കൂളുകളാണ് പ്രതിഷേധിച്ചത്.

പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വിദ്യാര്‍ത്ഥികളെ പൊലീസ് കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. നീതി ലഭിക്കും വരെ പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

വെബ്‌സൈറ്റില്‍ രണ്ടാം സ്ഥാനവും എന്നാല്‍ വേദിയില്‍ തഴയപ്പെട്ടെന്നുമാണ് നാവാമുകുന്ദ സ്‌കൂള്‍ ആരോപിക്കുന്നത്. നാഷണല്‍ ചാമ്പ്യാന്മാർ പോലും ഉണ്ടായിട്ടും രണ്ടര വര്‍ഷത്തെ തങ്ങളുടെ അധ്വാനമാണ് ഇപ്പോള്‍ ഇല്ലാതായതെന്നും മാര്‍ ബേസില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്‌പോര്‍ട്‌സ് സ്‌കൂളായ ജിവി രാജയ്ക്ക് രണ്ടാം സ്ഥാനം നല്‍കിയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

നിലവില്‍ മാതാപിതാക്കളും അധ്യാപകരും ട്രാക്കില്‍ പ്രതിഷേധം തുടരുകയാണ്. സ്‌കൂള്‍ മാനേജ്മന്റ് പറയാതെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്ന് രക്ഷിതാക്കളും മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കായിക മേളയുടെ സമാപന വേദിയില്‍ ഇരിക്കെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയെ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു. മന്ത്രിയെ തടഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയത്. പിന്നാലെ സമാപന ചടങ്ങ് വേഗം അവസാനിപ്പിക്കുകയും ചെയ്തു.

Content Highlight: Clash during closing ceremony of state school sports meet

Latest Stories

We use cookies to give you the best possible experience. Learn more