| Tuesday, 3rd May 2022, 8:11 am

സൂറത്തില്‍ ആം ആദ്മി- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ബി.ജെ.പിക്ക് വേണ്ടത് തൊഴില്‍രഹിത ഗുണ്ടകളെന്ന് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെയും ബി.ജെ.പിയുടെയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്.

ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകരായ ദിനേഷ് സിടാധര, പങ്കജ് അംബാലിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും സൂറത്തിലെ ന്യൂ സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച സൂറത്തിലെ ബി.ജെ.പി ആസ്ഥാനത്തിന് മുന്നില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ആം ആദ്മിയുടെ സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷന് കൗണ്‍സിലര്‍മാര്‍ക്കെതിരെയുള്ള ചൂഷണ ആരോപണങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

സംഭവത്തില്‍ 13 ആം ആദ്മി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിഷേധിച്ച എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

പിന്നീട് എല്ലാവരെയും ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

ആം ആദ്മിയുടെ ഗുജറാത്ത് സ്റ്റേറ്റ് യൂണിറ്റ് ചീഫ് ഗോപാല്‍ ഇതാലിയ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, സംഭവത്തിനിടെ ഒരു ആം ആദ്മി പ്രവര്‍ത്തകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അരവിന്ദ് കെജ്‌രിവാള്‍ സംഭവത്തെ അപലപിച്ചുകൊണ്ട് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

”ഈ ഗുണ്ടകളെ നോക്കൂ, എങ്ങനെയാണ് ഈ രാജ്യം മുന്നേറുക? ഇവര്‍ നിങ്ങളുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസമോ തൊഴിലോ നല്‍കില്ല.

കാരണം അവര്‍ക്ക് വേണ്ടത് തൊഴില്‍രഹിതരായ ഗുണ്ടകളെയാണ്,” ആം ആദ്മി നാഷണല്‍ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

Content Highlight: Clash broke out between AAP and BJP workers in Gujarat Surat, two injured

We use cookies to give you the best possible experience. Learn more