| Sunday, 28th January 2024, 8:00 pm

മുയിസുവിന്റെ മന്ത്രിമാരെ അംഗീകരിക്കാന്‍ കഴിയില്ല; മാലിദ്വീപ് പാര്‍ലമെന്റില്‍ എം.പിമാര്‍ തമ്മില്‍ കൂട്ടയടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാലേ: മാലിദ്വീപ് പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൂട്ടയടി. പ്രസിഡന്റ് മുഹമ്മദ് മുയിസു നോമിനേറ്റ് ചെയ്ത മന്ത്രിമാരെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പാര്‍ലമെന്റ് അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.

ഏറ്റുമുട്ടലില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഭാംഗമായ ഒരു എം.പിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പരിക്കേറ്റ എം.പിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എം.ഡി.പി) എം.പി ഇസയും ഭരണകക്ഷിയായ പി.എന്‍.സി എം.പി അബ്ദുല്ല ഷഹീം അബ്ദുള്‍ ഹക്കീമുമാണ് നോമിനേറ്റ് ചെയ്യപ്പെട്ട മന്ത്രിമാരുടെ പേരില്‍ ഏറ്റുമുട്ടല്‍ നടത്തിയത്. മാലിദ്വീപ് പാര്‍ലമെന്റില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തുവരുന്നത്.

പ്രസിഡന്റ് മുയിസുവിന്റെ നിലപാടുകളില്‍ സഭാംഗങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നതിനിടെയാണ് പാര്‍ലമെന്റിലെ സംഘര്‍ഷം. മുയിസുവിന്റെ മന്ത്രിസഭയിലെ മന്ത്രിമാരെ അംഗീകരിക്കാത്തത് പുരോഗതിക്ക് തടസമാകുമെന്നും പാര്‍ലമെന്റ് സ്പീക്കര്‍ രാജിവെക്കണമെന്നും ഒരു വിഭാഗം പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളില്‍ ദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യം മുഹമ്മദ് മുയിസു ശക്തമാക്കിയിരുന്നു. മാര്‍ച്ച് 15നകം ദ്വീപില്‍ നിയോഗിച്ചിട്ടുള്ള 77 സൈനികരെയും പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തോട് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുഹമ്മദ് മുയിസവും പ്രസിഡന്റിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അബ്ദുല്ല നസിം ഇബ്രാഹിം അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് മാര്‍ച്ച് 15നകം സൈനികരെ പിന്‍വലിക്കണമെന്ന തീരുമാനമുണ്ടായത്. ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനായി നടത്തിയ 12ാംമത്തെ യോഗം കൂടിയായിരുന്നു ഇത്.

Content Highlight: Clash between MPs in Maldives Parliament

We use cookies to give you the best possible experience. Learn more