ലോകകപ്പില്‍ ഇന്ത്യയെ സ്ഥിരമായി തോല്‍പിക്കുന്നവര്‍; ഇന്ത്യ അവസാനം ജയിക്കുമ്പോള്‍ വിരാടിന് വെറും 14 വയസ്
icc world cup
ലോകകപ്പില്‍ ഇന്ത്യയെ സ്ഥിരമായി തോല്‍പിക്കുന്നവര്‍; ഇന്ത്യ അവസാനം ജയിക്കുമ്പോള്‍ വിരാടിന് വെറും 14 വയസ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd October 2023, 2:52 pm

ലോകകപ്പിന്റെ ആവേശം വാനോളമുയരുകയാണ്. 2011ന് ശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ 2011ലെ കിരീട നേട്ടം ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

2011 മുതല്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ടീമുകള്‍ തന്നെയാണ് കിരീടം നേടുന്നത് എന്ന ലക്ക് ഫാക്ടറിലും ആരാധകര്‍ വിശ്വസിക്കുന്നുണ്ട്. 2015ല്‍ ഓസ്‌ട്രേലിയയും 2019ല്‍ ഇംഗ്ലണ്ടും കിരീടമണിഞ്ഞപ്പോള്‍ ഹോം ക്രൗഡിന്റെ സപ്പോര്‍ട്ട് പ്രധാന ഘടകമായിരുന്നു.

ഹോം ക്രൗഡിന്റെ സപ്പോര്‍ട്ടും ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യങ്ങളും മുതലാക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് എല്ലാ മത്സരവും വിജയിക്കാനായേക്കും. എന്നാല്‍ ഒക്ടോബര്‍ 22ന് ധര്‍മശാലയില്‍ നടക്കുന്ന മത്സരമായിരിക്കും ആരാധകരില്‍ നെഞ്ചിടിപ്പേറ്റുക.

 

കഴിഞ്ഞ രണ്ട് ലോകകപ്പിലെയും ഫൈനലിസ്റ്റുകളായ ന്യൂസിലാന്‍ഡിനെയാണ് ധര്‍മശാലയില്‍ ഇന്ത്യക്ക് നേരിടാനുള്ളത്. ഐ.സി.സി ഇവന്റുകളില്‍ ഇന്ത്യക്ക് മുമ്പിലെ പ്രധാന പ്രതിബന്ധമാണ് ന്യൂസിലാന്‍ഡ് എന്നതാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്.

20 വര്‍ഷമായി ഐ.സി.സി ഇവന്റുകളില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം കിവികള്‍ ഇന്ത്യയെ കൊത്തിപ്പറിച്ചിട്ടുണ്ട്. 2007, 2011 ലോകകപ്പ് അടക്കമുള്ള ചില ഇവന്റുകളില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും കൊമ്പുകോര്‍ത്തിരുന്നില്ല. എന്നാല്‍ ഏറ്റുമുട്ടിയ സമയങ്ങളിലെല്ലാം ഇന്ത്യ പരാജയം രുചിച്ചിട്ടുണ്ട്.

2016 ടി-20 ലോകകപ്പിലെ നാണംകെട്ട പരാജയവും 2019 ലോകകപ്പ് സെമി ഫൈനലിലെയും 2021 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെയും നെഞ്ചുലച്ച പരാജയങ്ങളും ഒരു ഇന്ത്യന്‍ ആരാധകനും മറന്നുകാണില്ല.

 

 

2003 ലോകകപ്പിലാണ് ന്യൂസിലാന്‍ഡ് ഒരു ഐ.സി.സി ഇവന്റില്‍ അവസാനമായി ഇന്ത്യയോട് പരാജയപ്പെടുന്നത്. ഏഴ് വിക്കറ്റിനായിരുന്നു അന്ന് ഇന്ത്യ വിജയിച്ചുകയറിയത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 45.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 30 റണ്‍സ് നേടിയ സ്റ്റീഫന്‍ ഫ്‌ളെമിങ്ങായിരുന്നു കിവികളുടെ ടോപ് സ്‌കോറര്‍.

ഇന്ത്യക്കായി സഹീര്‍ ഖാന്‍ എട്ട് ഓവറില്‍ 42 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഹര്‍ഭജന്‍ സിങ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദിനേഷ് മോംഗിയ, വിരേന്ദര്‍ സേവാഗ്, ആശിഷ് നെഹ്‌റ, ജവഗല്‍ ശ്രീനാഥ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

147 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മുഹമ്മദ് കൈഫിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ അനായാസ ജയം നേടുകയായിരുന്നു.

അതേസമയം, ഈ ലോകകപ്പില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ തോല്‍പിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇരുടീമിന്റെയും സ്‌ക്വാഡ് തുല്യ ശക്തമാണെന്നതിനാല്‍ ഒരു തരത്തിലുള്ള പ്രവചനവും സാധ്യമല്ല.

 

Content highlight: Clash between India and New Zealand in ICC events