| Saturday, 29th October 2022, 3:40 pm

മന്‍മോഹന്‍ സിങ്ങിനെ 'മൗനി ബാബ'യെന്ന് വിളിച്ചു; പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി അംഗങ്ങളുടെ കയ്യാങ്കളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ബി.ജെ.പി കൗണ്‍സിലര്‍ ‘മൗനി ബാബ’യെന്ന് വിളിച്ചതിന്റെ പേരില്‍ പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി അംഗങ്ങളുടെ കയ്യാങ്കളി.

വിവാദ പരാമര്‍ശം ബി.ജെ.പി അംഗം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

കൗണ്‍സില്‍ മീറ്റിങിനിടെയായിരുന്നു സംഭവം. യോഗത്തിനിടയിലെ ചര്‍ച്ചയിലായിരുന്നു ബി.ജെ.പി അംഗത്തിന്റെ വിവാദ പരാമര്‍ശം. നഗരസഭാ വികസനത്തിന്റെ ഭാഗമായ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം തേടി കൊണ്ടുള്ള കൗണ്‍സില്‍ യോഗമാണ് പാലക്കാട് നഗരസഭയില്‍ ശനിയാഴ്ച നടന്നത്.

‘മോദിക്ക് മുമ്പ് പത്ത് വര്‍ഷം ഇന്ത്യ ഭരിച്ചിരുന്നത് മൗനി ബാബായായിരുന്നു,’ എന്നായിരുന്നു കൗണ്‍സിലറിന്റെ പരാമര്‍ശം. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ചര്‍ച്ചക്കിടെ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഇതിന് ബി.ജെ.പി അംഗം തയ്യാറാകാത്തതാണ് കോണ്‍ഗ്രസ്- ബി.ജെ.പി അംഗങ്ങളുടെ കയ്യാങ്കളിലേക്ക് നയിച്ചത്. കയ്യാങ്കളി നടക്കുന്നതിനിടയിലും ചെയര്‍പേഴ്സണ്‍ കൗണ്‍സില്‍ അജണ്ട പാസാക്കി യോഗം പരിച്ചുവിട്ടതായി അറിയിച്ചു.

എന്നാല്‍, ഇതൊന്നും ശ്രദ്ധിക്കാതെ കൗണ്‍സിലര്‍മാര്‍ കയ്യാങ്കളി തുടര്‍ന്നു. തര്‍ക്കം രൂക്ഷമായതോടെ, മറ്റ് കൗണ്‍സിലര്‍മാര്‍ ഇടപ്പെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.

അതേസമയം, കഴിഞ്ഞ ആഴ്ച പാലക്കാട് നഗരസഭയില്‍ ആധാര്‍ കാര്‍ഡ് എടുക്കാന്‍ ഒപ്പ് വാങ്ങാനെത്തിയ സ്ത്രീയോട് ശിരോവസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധം നടന്നിരുന്നു.

ശിരോവസ്ത്രം അഴിച്ചാല്‍ മാത്രമേ ഒപ്പിടൂവെന്ന് നിര്‍ബന്ധം പറഞ്ഞ നഗരസഭ സെക്രട്ടറി അനിത ദേവിക്കെതിരെ വിവിധ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. ഡി.വൈ.എഫ്.ഐ, മുസ്‌ലിം ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്.

Content Highlight: Clash Between BJP-Congress Councillors in Palakkad Municipality

We use cookies to give you the best possible experience. Learn more