| Monday, 12th December 2022, 4:56 pm

'നന്‍പകല്‍ നേരത്ത് മയക്കം' സിനിമയുടെ പ്രദര്‍ശനത്തിനിടെ ഐ.എഫ്.എഫ്.കെ വേദിയില്‍ സംഘര്‍ഷം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഐ.എഫ്.എഫ്.കെ വേദിയില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്തെ മയക്കമെന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെ സംഘര്‍ഷം. റിസര്‍വ് ചെയ്തവര്‍ക്ക് വരെ സീറ്റ് കിട്ടാത്തതിനെത്തുടര്‍ന്നാണ് ഡെലിഗേറ്റുകള്‍ പ്രതിഷേധിച്ചത്.

ഇപ്പോഴും സംഘര്‍ഷാവസ്ഥക്ക് അയവ് വന്നിട്ടില്ലെന്നാണ് അറിയുന്നത്. ഡെലിഗേറ്റുകള്‍ ഇപ്പോഴും ടാഗോര്‍ തിയേറ്ററിന്റെ മുന്നില്‍ നിന്നുകൊണ്ട് മുദ്രവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെയടക്കം മുദ്രവാക്യം വിളികളുമായാണ് ഡെലിഗേറ്റുകള്‍ ടാഗോര്‍ തിയേറ്ററിനുള്ളില്‍ പ്രതിഷേധിക്കുന്നത്.

അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങളാണ് മത്സരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തുന്ന അറിയിപ്പും ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ നന്‍പകല്‍ നേരത്ത് മയക്കവുമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെയും മമ്മൂട്ടിയുടെയും ആദ്യ ചിത്രമെന്ന പ്രതീക്ഷയില്‍ മമ്മൂട്ടി ആരാധകരും സിനിമാ പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം.

ഇന്ന് മൂന്നരക്കായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ ഷോ നടക്കേണ്ടിയിരുന്നത്. ചിത്രത്തിന് വേണ്ടി ബുക്കിങ് ആരംഭിച്ചപ്പോള്‍ തന്നെ മുഴുവന്‍ സീറ്റുകളിലേക്കും ബുക്കിങ് പൂര്‍ത്തിയായിരുന്നു. ബുക്കിങ് പൂര്‍ത്തിയായവര്‍ 9 മണി മുതല്‍ തിയേറ്ററിന് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്നു.

മുന്‍ഗണന അടിസ്ഥാനത്തിലായിരുന്നു ആളുകളെ തിയേറ്ററിനുള്ളിലേക്ക് കടത്തി വിട്ടിരുന്നത്. ബുക്ക് ചെയ്യാത്ത ഡെലിഗേറ്റുകളും ക്യൂ നില്‍ക്കുന്ന സാഹചര്യമുണ്ടായി. ഏകദേശം 500 ആളുകള്‍ ക്യൂവിലുണ്ടായി. പിന്നീട് ബുക്ക് ചെയ്യാത്ത ആളുകളെയും കടത്തി വിടാന്‍ തുടങ്ങി.

ബുക്ക് ചെയ്ത മുഴുവന്‍ ആളുകളെയും തിയേറ്ററില്‍ സിനിമ കാണാന്‍ അനുവധിച്ചില്ലായിരുന്നു. ഈ കാരണത്താലാണ് ഡേലിഗേറ്റുകള്‍ തിയേറ്ററിന് മുന്നില്‍ വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇവരെ പോലിസെത്തിയാണ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത്. എന്നാല്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് തിയേറ്ററിന് മുന്നില്‍ നടക്കുന്നത്.

content highlight:Clash at the IFFK venue during the screening of the movie ‘Nanpakal Nereth Mayakkum’ movie

We use cookies to give you the best possible experience. Learn more