തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍.സി.പി ഓഫീസില്‍ തമ്മിലടി. ജില്ലാ കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ആട്ടുകാല്‍ അജിയും സംഘവും ഓഫീസ് പിടിച്ചെടുത്തതിന് പിന്നാലെയാണ് തമ്മിലടി ഉണ്ടായത്.
പ്രസിഡന്റിന്റെ ചുമതല ഉണ്ടായിരുന്ന സതീഷ് കുമാറിന്റെ സംഘമായി അജിയും കൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. ഏറെ സമയം കയ്യാങ്കളി നടന്നതായാണ് തമ്മിലടിയുടെ പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്.
ഇന്ന് (ബുധന്‍) ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയെ അനുകൂലിക്കുന്നവരും മറു വിഭാഗവും തമ്മിലാണ് കയ്യാങ്കളി നടന്നത്. കഴിഞ്ഞയാഴ്ചയാണ് സതീഷ് കുമാറിനെ താത്കാലികമായി ജില്ലാ കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് പി.സി. ചാക്കോ നിയമിച്ചത്.
തുടര്‍ന്ന് ഇന്ന് സതീഷ് കുമാര്‍ ഓഫീസില്‍ എത്തിയതിന് പിന്നാലെയാണ് അജിയുമായി വാക്കുതര്‍ക്കമുണ്ടായത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അജിയെ പുറത്താക്കിയത്.
കമ്മിറ്റി ഓഫീസ് പിടിച്ചെടുത്ത മുന്‍ പ്രസിഡന്റും സംഘവും കെട്ടിടത്തിലുണ്ടായിരുന്ന കസേര, മേശ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ തല്ലിത്തകര്‍ത്തിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസ് പ്രശ്നത്തില്‍ ഇടപെടുകയും ഇരുസംഘങ്ങളെയും ഓഫീസില്‍ നിന്ന് മാറ്റുകയും ചെയ്തു.
നേരത്തെ പി.സി. ചാക്കോക്കെതിരെ ഗുരുതര ആരോപണവുമായി ആട്ടുകാല്‍ അജി രംഗത്തെത്തിയിരുന്നു. പി.എസ്.സി അംഗത്തെ നിയമിച്ചതില്‍ കോഴ വാങ്ങിയെന്നും പാര്‍ട്ടി ഫണ്ടില്‍ തിരിമറി നടത്തിയെന്നുമായിരുന്നു ആരോപണം. മാധ്യമങ്ങള്‍ക്ക് മുന്നിലും അജി ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അജിയെ ചാക്കോ പുറത്താക്കിയത്.
അജിയുടെ ആരോപണങ്ങള്‍ പി.സി. ചാക്കോ നിഷേധിച്ചിച്ചിട്ടുണ്ട്. എന്നാല്‍ ചാക്കോക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നാണ് അജി വിഭാഗത്തിന്റെ നിലപാട്. എന്‍.സി.പി എല്‍.ഡി.എഫ് വിടുമെന്ന് പി.സി. ചാക്കോ സൂചന നല്‍കിയെന്നും അജി പക്ഷം പറയുന്നു.
Content Highlight: Clash at NCP office in Thiruvananthapuram