| Friday, 5th July 2024, 6:10 pm

കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷം; പ്രിന്‍സിപ്പളിനെ അറസ്റ്റ് ചെയ്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിലെ ഗുരുദേവ കോളേജിലെ സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പള്‍ ഡോ. സുനില്‍ ബാസ്‌കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എഫ്.ഐയുടെ പരാതിയിലാണ് അറസ്റ്റ്. നിലവില്‍ പ്രിന്‍സിപ്പളിനെയും അദ്ദേഹത്തിന്റെ സെക്രട്ടറിയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പ്രിന്‍സിപ്പളും പരാതി നല്‍കിയിരുന്നു.

അധ്യാപകര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകർ രംഗത്തെത്തിയിരുന്നു. അഡ്മിഷനുമായി ബന്ധപ്പെട്ട് ഹെല്‍പ് ഡെസ്‌ക് ഇടാന്‍ അനുവാദം ചോദിച്ചെത്തിയ ഏരിയ പ്രസിഡന്റിനെ പ്രിന്‍സിപ്പള്‍ മര്‍ദിച്ചെന്നാണ് എസ്.എഫ്.ഐയുടെ പരാതി.

ഗുരുദേവ കോളേജില്‍ ബിരുദ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ നടന്നുകൊണ്ടിരിക്കെ ജൂലൈ ഒന്നിനാണ് സംഘര്‍ഷം ഉണ്ടായത്. ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ് ഡെസ്‌ക് ഇടുന്നതിലെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

എസ്.എഫ്.ഐ പ്രവര്‍ത്തകരും പ്രിന്‍സിപ്പളും തമ്മില്‍ നടന്ന വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൈപിടിച്ച് തിരിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് പ്രിന്‍സിപ്പള്‍ ആരോപിച്ചിരുന്നു.

തുടര്‍ന്ന് പ്രിന്‍സിപ്പളും മറ്റൊരു അധ്യാപകനും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

Content Highlight: Clash at Koyaladi Gurudeva College; The police arrested the principal

We use cookies to give you the best possible experience. Learn more