| Sunday, 25th July 2021, 12:08 pm

ഐ.എന്‍.എല്‍. യോഗത്തില്‍ കൂട്ടത്തല്ല്; പ്രവര്‍ത്തകര്‍ തമ്മിലടിച്ചത് മന്ത്രി പങ്കെടുത്ത യോഗത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഐ.എന്‍.എല്‍. യോഗത്തില്‍ തമ്മിലടി. രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്. പുറത്തിറങ്ങാന്‍ കഴിയാതെ മന്ത്രി ഹോട്ടലില്‍ കുടുങ്ങി. ഇന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന നേതൃയോഗത്തിനിടെയായിരുന്നു സംഭവം.

സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ക്കിടെയായിരുന്നു യോഗം വിളിച്ച് ചേര്‍ത്തിരുന്നത്. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും പിന്നാലെ പ്രവര്‍ത്തക സമിതി യോഗവുമാണ് എറണാകുളത്ത് വിളിച്ചിരിക്കുന്നത്.

സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് ഒരുവശത്തും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും മറുവശത്തും നിന്നാണ് തമ്മിലടി നടന്നത്.

ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും എതിര്‍ചേരിയിലുള്ളവരും തമ്മില്‍ പാര്‍ട്ടിയില്‍ പ്രതിഷേധം രൂക്ഷമാണ്. ചരിത്രത്തിലാദ്യമായി മന്ത്രി സ്ഥാനം ലഭിച്ചപ്പോള്‍ നേതാക്കള്‍ക്കിടയിലുള്ള അധികാരത്തര്‍ക്കവും മറനീക്കി ഐ.എന്‍.എല്ലില്‍ പുറത്തുവന്നിരുന്നു.

പാര്‍ട്ടിയുമായി ആലോചിക്കാതെ മന്ത്രി പല കാര്യങ്ങളിലും തീരുമാനമെടുത്തു പോകുകയാണെന്ന് സംസ്ഥാന സമിതിയില്‍ നേരത്തെ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബിന്റേതാണ് വിമര്‍ശനം ഉന്നയിച്ചിരുന്നു. തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സി.പി.ഐ.എം. ഐ.എന്‍.എല്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Clash at INL secretariat meeting; The meeting was adjourned

We use cookies to give you the best possible experience. Learn more