ശ്രീനഗര്‍: സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്‌റ്റോറി കാണണമെന്ന സന്ദേശത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ജമ്മു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പത്ത് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രണ്ട് മാസത്തേക്കാണ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
സംഭവത്തിലെ അന്വേഷണം അവസാനിക്കുന്നത് വരെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസിലും കയറാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഒരാഴ്ചക്കകം അന്വേഷണം അവസാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം അക്രമത്തില്‍ ഇരയായവരെയും കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഞായറാഴ്ചയാണ് സംഘര്‍ഷത്തിലേക്ക് നയിച്ച സംഭവം നടന്നത്. പഠനാവശ്യത്തിന് വേണ്ടി ആരംഭിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ദീപക് ചന്ദല്‍ ‘കണ്ടിരിക്കേണ്ട’ സിനിമയെന്ന പേരില്‍ കേരള സ്റ്റോറി ഷെയര്‍ ചെയ്തിരുന്നു.
എന്നാല്‍ നെഗറ്റിവിറ്റി പടര്‍ത്തരുതെന്ന് പറഞ്ഞ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആക്വിബ് ഇഷാഖ് കേരള സ്റ്റോറിക്കെതിരെ മെസേജ് അയക്കുകയായിരുന്നുവെന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ടിനെ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തിലുള്ള നെഗറ്റിവിറ്റി പടര്‍ത്തണമെങ്കില്‍ മറ്റൊരു ഗ്രൂപ്പുണ്ടാക്കി കൊള്ളൂവെന്നും ഇഷാഖ് മെസേജ് അയച്ചിരുന്നു.
തുടര്‍ന്ന് ഞായറാഴ്ച ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ പിക്‌നികിന് പോയി തിരിച്ചു വരവേ ദീപകും മറ്റ് ചില വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ആരിഫ് ഗൗള്‍ എന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദിക്കുകയായിരുന്നു.
‘വിദ്യാര്‍ത്ഥികള്‍ പിക്‌നിക് കഴിഞ്ഞ് മടങ്ങി വരുന്ന വഴിക്ക് ദീപകും കൂടെയുണ്ടായിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളും വാട്‌സ്ആപ്പ് സന്ദേശത്തിനെതിരെ സംസാരിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആരിഫ് ഗൗളിനെ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് എന്തിനാണ് ആ സന്ദേശത്തെ എതിര്‍ത്തതെന്ന് ചോദിച്ച് തര്‍ക്കിച്ചു.
ആരിഫിനെ തടഞ്ഞു നിര്‍ത്തിയത് കണ്ട മറ്റ് സുഹൃത്തുക്കള്‍ അവരുടെ സീനിയര്‍ വിദ്യാര്‍ത്ഥികളോടൊപ്പം സംഭവസ്ഥലത്തേക്ക് എത്തിച്ചേരുകയായിരുന്നു. എന്നാല്‍ സംഘര്‍ഷത്തെ ചോദ്യം ചെയ്‌തെത്തിയ വിദ്യാര്‍ത്ഥിയായ ഹസീബിനെ നാല് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിവേല്‍പ്പിക്കുകയായിരുന്നു,’ ഹോസ്റ്റലിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം ഞായറാഴ്ച സംഘര്‍ഷം നിലനില്‍ക്കുന്ന സമയത്ത് പുറത്ത് നിന്നുള്ള ആളുകളും ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയതായി വിദ്യാര്‍ത്ഥികള്‍ ദി വയറിനോട് പറഞ്ഞു.
‘പെട്ടെന്ന് ഹോസ്റ്റലിലെ കറണ്ട് പോയി. പിന്നീട് ഹോസ്റ്റലിന്റെ അകത്ത് കയറിയ സംഘം രണ്ട് മുസ്‌ലിം വിദ്യാര്‍ത്ഥികളെ കൂടി ആക്രമിച്ചു,’ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഹസീബിനെ കൂടാതെ അരുണേഷ്, അനികേത്, അക്ഷിത്, ഉമര്‍ എന്നിവര്‍ക്കും മാരകമായി പരിക്കേറ്റിട്ടുണ്ട്.
അതേസമയം അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ വസീം, മുബാറക്ക്, തൗകീര്‍, സര്‍മദ്, ഹസീബ്, അനികേത്, അരുണേഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അക്ഷിത്, ദീപക്, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഉമര്‍ ഫറൂഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
നിലവില്‍ ജമ്മുവിലെ ബക്ഷി നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
‘കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു. ജമ്മുവില്‍ സാമുദായിക സൗഹാര്‍ദം നശിപ്പിക്കുന്ന ഒരു സംഭവവും പ്രോത്സാഹിപ്പിക്കില്ല,’ ജമ്മു പൊലീസ് ട്വീറ്റ് ചെയ്തു.
content highlight: Clash after WhatsApp message to watch Kerala story: 10 people suspended including victims of violence