| Wednesday, 9th October 2024, 5:08 pm

സാംസങ് പ്ലാന്റിലെ തൊഴിലാളി പണിമുടക്കില്‍ പൊലീസ് ഇടപെടല്‍; സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ശ്രീപെരുമ്പത്തൂരിലെ സാംസങ് പ്ലാന്റില്‍ പൊലീസ് ഇടപെടലിനെ തുടര്‍ന്ന് വീണ്ടും സംഘര്‍ഷം. പണിമുടക്ക് നടക്കുന്ന സ്ഥലത്ത് പൊലീസെത്തി തൊഴിലാളികളെയും യൂണിയന്‍ നേതാക്കളെയും അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.

സെപ്റ്റംബര്‍ ഒമ്പത് മുതല്‍ ചെന്നൈ സാംസങ് പ്ലാന്റിലെ തൊഴിലാളികള്‍ മെച്ചപ്പെട്ട വേതനം, മെച്ചപ്പെട്ട സൗകര്യങ്ങള്‍, ട്രേഡ് യൂണിയന് അംഗീകാരം ലഭിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്കിലാണ്. കമ്പനിയിലെ 1800 തൊഴിലാളികളില്‍ 800 പേര്‍ ഒഴികെ ബാക്കി 1000 പേരും പണിമുടക്കിന്റെ ഭാഗമാണ്.

സി.ഐ.ടി.യുമായി ബന്ധമുള്ള നേതാക്കളെ ഉള്‍പ്പെടെ ഇന്ന് പുലര്‍ച്ചെ അവരുടെ വീടുകളില്‍ നിന്നും അറസ്റ്റ് ചെയ്ത പൊലീസ് സാംസങ് കമ്പനിക്ക് മുമ്പില്‍ സ്ഥാപിച്ചിച്ചിരുന്ന പന്തലും പൊളിച്ചു മാറ്റി.

പൊലീസ് പന്തലുപൊളിച്ചതിന് പിന്നാലെ കുറച്ചകലെ മാറി വീണ്ടും പന്തലുണ്ടാക്കി തൊഴിലാളികള്‍ പ്രതിഷേധം തുടരുകയും ചെയ്തു. പണിമുടക്കില്‍ നിന്നും പിരിഞ്ഞുപോവാന്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടതോടെ ഇരുഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. പിന്നാലെ പൊലീസ് തൊഴിലാളികളെ മര്‍ദിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ സമരപന്തലില്‍ പ്രതിഷേധവുമായി തടിച്ചുകൂടുകയുമായിരുന്നു.

‘ജനാധിപത്യപരമായാണ് അവകാശങ്ങള്‍ക്കുവേണ്ടി തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. നിയമത്തിന്റെ കാവല്‍ക്കാരായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സാംസങ്ങിന്റെ കാവല്‍ക്കാരായി മാറിയത് അംഗീകരിക്കാനാവില്ല,’ മധുരൈ എം.പി സു.വെങ്കിടേശ്വരന്‍ പറഞ്ഞു.

എന്നാല്‍ തൊഴിലാളി സമിതി ഒപ്പിട്ട മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് പണിമുടക്കുന്ന തൊഴിലാളികള്‍ അംഗീകരിച്ചിട്ടില്ല. മെമ്മോറാണ്ടത്തില്‍ കമ്പനിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് സി.ഐ.ടി.യു നേതൃത്വം വ്യക്തമാക്കുന്നത്.

അതേസമയം സംസ്ഥാനസര്‍ക്കാരും എം.കെ സ്റ്റാലിനും തൊഴിലാളികളുടെ ഒപ്പം നില്‍ക്കുമെന്ന് തമിഴ്‌നാട് വ്യവസായ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

Content Highlight: Clash after police intervention in labor strike at Samsung plant

We use cookies to give you the best possible experience. Learn more