| Sunday, 28th March 2021, 5:31 pm

ലൗ ജിഹാദില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണം; ജോസ് കെ. മാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ലൗ ജിഹാദുമായി ബന്ധപ്പെട്ടുള്ള സംശയം ദുരീകരിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണി. മനോരമ ന്യൂസിന്റെ പൊരിഞ്ഞ പോര് എന്ന പരിപാടിയിലായിരുന്നു ജോസ് കെ.മാണിയുടെ പ്രതികരണം.

ലൗ ജിഹാദില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നും പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ചയാകുന്നുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു. ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേയെന്ന ചോദ്യത്തിന് വിഷയം വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ അത് പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നും ജോസ് കെ.മാണി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ലൗ ജിഹാദ് ചര്‍ച്ചയാക്കി ബി.ജെ.പി രംഗത്ത് എത്തിയിരുന്നു. ലൗ ജിഹാദ് നിയമം കൊണ്ട് വരുമെന്ന് ബി.ജെ.പി പ്രചരണ പത്രികയില്‍ പറഞ്ഞിരുന്നു.

കേരളത്തിലും കര്‍ണ്ണാടകയിലും അമുസ്‌ലീം യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദത്തിന്റെ പേരാണ് ലൗ ജിഹാദ്.

മലയാളത്തിലെ ഒരു ദിനപത്രത്തിലാണ് ഇതിനെക്കുറിച്ചുള്ള വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് കര്‍ണ്ണാടകയിലെയും കേരളത്തിലെയും ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്രസംരക്ഷണസമിതി തുടങ്ങിയ സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ ചൂടുപിടിക്കാന്‍ തുടങ്ങി.

വിവാദങ്ങള്‍ വ്യാപകമായതോടെ കേരളത്തില്‍ ലൗ ജിഹാദ് പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനായി അന്നത്തെ സംസ്ഥാന ഡി.ജി.പിയോടും ആഭ്യന്തരമന്ത്രാലയത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പിയായിരുന്ന ജേക്കബ് പുന്നൂസ് കേസ് സംബന്ധിച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളത്തിലൊരിടത്തും ലൗ ജിഹാദ് പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന വാദം അപ്രസക്തമാണെന്ന് തൃശ്ശൂര്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസും നേരത്തെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ ലവ് ജിഹാദും വര്‍ഗീയതയുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Clarity is needed on whether there is reality in love jihad; Jose K. Mani

We use cookies to give you the best possible experience. Learn more