| Sunday, 28th July 2024, 9:06 am

പാർട്ടി എന്നെ രോ​ഗിയാക്കി, ഞാൻ വിഭാ​ഗീയതയുടെ ഇര, ടി.പി. വധം തിരിച്ചടി: സി.കെ.പി. പത്മനാഭൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂർ: പാർട്ടിയിലെ കടുത്ത വിഭാ​ഗീയതയുടെ ഇരയാണ് താനെന്ന് സി.പി.ഐ.എം മുൻ സംസ്ഥാന കമ്മിറ്റി അം​ഗവും നിലവിൽ സി.പി.ഐ.എം ഏരിയ കമ്മിറ്റി അം​ഗവുമായ സി.കെ.പി. പത്മനാഭൻ. കണ്ണൂർ വിഷൻ ഓൺലൈൻ എന്ന പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കർഷകസംഘം സംസ്ഥാന സെക്രട്ടറിസ്ഥാനത്തുനിന്ന് സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ പാർട്ടിയുടെ തരംതാഴ്ത്തൽ നടപടി നേരിട്ട് 12 വർഷത്തിന് ശേഷമാണ് വെളിപ്പെടുത്തലുമായി അദ്ദേഹം രം​ഗത്തെത്തിയത്.

പാർട്ടിയിലെ കടുത്ത വിഭാ​ഗീയതയുടെ ഇരയാണ് താനെന്നും അതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് പ്രകൃതി തന്നെ ശിക്ഷ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തനിക്ക് തന്ന സമ്മാനമാണ് തന്റെ രോ​ഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി. ശശിയുമായി ബന്ധപ്പെട്ട് അന്ന് ഉയർന്ന പരാതി തള്ളിക്കളയാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ടി.പി. ചന്ദ്രശേഖരനെ ആര് കൊന്നാലും അവരുടെ ആ​ഗ്രഹങ്ങളൊന്നും സഫലമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രശേഖരനിലൂടെ ഇല്ലാതാക്കാൻ ശ്രമിച്ചത് ഇന്നും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“താനൊരു ഡയാലിസിസ് രോ​ഗിയായതിന് പിന്നിൽ മാനസിക സമ്മർദമാണ് കാരണം. അത് പാർട്ടി എനിക്ക് തന്ന സംഭാവനയാണ്. അത് ഞാൻ പരസ്യമായി പറയും.

ശ്രദ്ധക്കുറവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എനിക്കെതിരെ പാർട്ടി നടപടി എടുത്തത്. പിന്നീട് വാർത്ത വന്നത് ഞാൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ്. എന്നാൽ അത് പാർട്ടിയന്ന് നിഷേധിക്കുക പോലും ചെയ്തില്ല. ശ്രദ്ധക്കുറവിന് നടപടിയെടുത്ത അവസ്ഥ ലോകത്ത് എവിടെയും കണ്ടിട്ടില്ല.

പ്രകാശ് കാരാട്ടിനോട് ഇത് ഞാൻ നേരിട്ട് പറഞ്ഞിട്ടുണ്ട്. നിങ്ങൾ ക്ഷമിക്കണമെന്ന് പറഞ്ഞ് തോളിൽ തട്ടി ആശ്വസിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്,” സി.കെ.പി. പത്മനാഭൻ പറഞ്ഞു.

എത്രകാലം താൻ ഇനി ജീവിക്കുമെന്ന് അറിയില്ല, അതിനാൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ജനങ്ങളോട് തനിക്ക് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 15 തവണ നടപടിക്കെതിരെ അപ്പീൽ നൽകിയെങ്കിലും ഇന്നുവരെ ഒരു മറുപടി നൽകാൻ പാർട്ടി തയ്യാറായിട്ടില്ല. അതിന്റെ മാനസിക പ്രയാസങ്ങളാണ് തന്നെ രോ​ഗിയാക്കി മാറ്റിയതെന്ന് സി.കെ.പി. പത്മനാഭൻ പറഞ്ഞു.

താൻ എന്നും ശരിയുടെ പക്ഷത്തായിരുന്നു നിലനിന്നത്. അതിലുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെ എടുത്തതതെന്ന് വളരെ വ്യക്തമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പ്രവർത്തിച്ചവർക്ക് പ്രകൃതി ശിക്ഷ നൽകും. പലർക്കും ഇപ്പോൾ അത് കിട്ടിതുടങ്ങിയിട്ടുണ്ട്.

കർഷകസംഘം സംസ്ഥാന പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിലാണ് എൻ.ജി.ഒ യൂണിയന്റെ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചത്. എന്റെ പേരിലായിരുന്നില്ല ആ അക്കൗണ്ട്. എന്നാൽ എന്റെ പേരിലാണ് അക്കൗണ്ട് എടുത്തത് എന്നാണ് ആരോപണം.
പക്ഷെ അവിടെ നിന്ന് പണം പിൻവലിച്ചത് ഇ.പി. ജയരാജനും, കെ.വി രാമകൃഷ്ണനുമാണ്. 25 ലക്ഷം രൂപയാണ് പിൻവലിച്ചത്. ഇതിന്റെ ഫോട്ടോസ്റ്റാറ്റ് ഞാൻ കേന്ദ്ര കമ്മറ്റിക്ക് കൊടുത്തിരുന്നു. എന്നാൽ 20 ലക്ഷം എടുത്തത് ഞാനാണെന്നാണ് പറഞ്ഞുണ്ടാക്കിയത്, സി.കെ.പി. പത്മനാഭൻ പറഞ്ഞു.

ജനങ്ങൾ വെറുക്കുന്ന രൂപത്തിലേക്ക് എങ്ങനെ എത്തിയെന്ന് പരിശോധിക്കാതെ പാർട്ടിക്ക് രക്ഷപ്പെടാനാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

ടി.പി. ചന്ദ്രശേഖരന് വേണ്ടി ഒഞ്ചിയത്ത് പോയി പ്രസം​ഗിച്ച വി.എസിനെ വിമർശിക്കുകയാണ് പാർട്ടി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കൊന്നത് ആരാണെങ്കിലും ചന്ദ്രശേഖരനിലൂടെ അവർ ഇല്ലാതാക്കാൻ ശ്രമിച്ചത് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സി.കെ.പി. പത്മനാഭൻ വ്യക്തമാക്കി.

ഒരു പ്രസ്താനമായി ടി.പി മാറി. ഒരു ആശയം രൂപപ്പെട്ടാൽ അത് ഇല്ലാതാക്കാൻ ആകില്ലന്നാണ് മാർക്സിയൻ തിയറി. അതിന്റെ ഏറ്റവും വലിയ തെളിവാണ് ടി.പി. ചന്ദ്രശേഖരനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: ckp padmanabhan against cpim

Latest Stories

We use cookies to give you the best possible experience. Learn more