കോഴിക്കോട്: ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് സി.കെ വിനീതിനെ നിലനിര്‍ത്തുന്നുവെന്ന വിവരം കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്തു വിട്ടത്. ടീം നിലനിര്‍ത്തിയ മറ്റൊരു താരം മെഹ്ത്താബ് ഹുസൈനാണ്. എന്നാല്‍ വിനീതിന്റെ വേര്‍പാട് ബംഗളൂരു എഫ്.സിയ്ക്ക് കനത്ത ആഘാതമായിരിക്കും.
തന്റെ കരിയറില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച ക്ലബ്ബില്‍ നിന്നും വേര്‍ പിരിയുന്നതിന്റെ വേദന വിനീതിനും ഉണ്ട്. ബംഗളൂരു എഫ്.സിയുടെ ഫാന്‍ കൂട്ടമായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന് വിനീതെഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് താരത്തിന്റെ മാനസികാവസ്ഥയ കൃത്യമായി വരച്ചിടുന്നുണ്ട്.
” ജീവിതത്തില്‍ യാത്ര പറയേണ്ട അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതുപോലൊന്ന് ആദ്യമായിട്ടാണ്.” എന്നു പറഞ്ഞാണ് വിനീത് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ടീമിന്റെ ജേഴ്‌സി, ഫാന്‍സ്, പാട്ടുകള്‍, സ്റ്റാന്‍ഡ്, ബാനറുകള്‍ എല്ലാം താന്‍ മിസ് ചെയ്യുമെന്നും വിനീത് പറയുന്നു.
ഐ.എസ്.എല്ലും ഐ ലീഗും ഒരുമിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ നമ്പര്‍ വണ്‍ ലീഗിലെ രണ്ട് ടീമുകളെ ഐ.എസ്.എല്ലിലേക്ക് എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ ഒരു ടീമിന് രണ്ട് താരങ്ങളെ മാത്രമേ നിലനിര്‍ത്താന്‍ സാധിക്കൂ. ഇതോടെ സി.കെ വിനീതിനേയും മെഹ്താബിനേയും നിലനിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് തീരുമാനിക്കുകയായിരുന്നു.
മൂന്ന് വര്‍ഷം ബംഗളൂരുവിന്റെ ജേഴ്‌സിയണിയാന്‍ കഴിഞ്ഞു എന്നത് തനിക്ക് അഭിമാനമാണെന്നും ഗോളടിച്ച ശേഷം വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന് അരികിലേക്ക് ഓടിയടുക്കുന്നത് പകരം വെക്കാന്‍ കഴിയാത്ത അനുഭവമാണെന്നും വിനീത് അഭിപ്രായപ്പെട്ടു.
കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ബംഗളൂരു എഫ്.സിയും ആരാധകരും തന്നില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്നും എവിടെയാണെങ്കിലും താന്‍ നീലപ്പടയുടെ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.