കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തില്‍ പിന്തുണയുമായി ഫുട്‌ബോള്‍ താരം സി.കെ വിനീത്.
പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള നടപടികള്‍ക്കെതിരെയാണ് സി.കെ വിനീതിന്റെ പ്രതികരണം.
തീരത്തുള്ള ചെറിയ ദ്വീപ് താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണെന്നും പക്ഷേ ഇന്ന് ഭരണപരമായ അനീതികള്‍ പൗരന്മാര്‍ക്ക് ദുസ്സഹമായി തീര്‍ന്നിരിക്കുകയാണെന്നും സി.കെ വിനീത് ഫേസ്ബുക്കിലെഴുതി.
ലക്ഷദ്വീപിന്റെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായ ദിനേശ്വര്‍ ശര്‍മയുടെ പെട്ടെന്നുള്ള മരണവും തുടര്‍ന്ന് മോദി സര്‍ക്കാര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിയമിച്ചതിന് പിന്നാലെയാണ് ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമായി തീര്‍ന്നതെന്നും വിനീത് പറഞ്ഞു.
പ്രഫുല്‍ കോഡ പട്ടേല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ അയവുവരുത്തി. കൊവിഡ് വ്യാപനം തടയാനായി നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയത് ലക്ഷദ്വീപിലും വൈറസ് പടരാന്‍ കാരണമായി.
വളരെക്കുറച്ച് വാഹനങ്ങള്‍ മാത്രമുള്ള ദ്വീപില്‍ റോഡുകള്‍ വലുതാക്കാനുള്ള ശ്രമങ്ങളേയും വിനീത് വിമര്‍ശിച്ചു. കാലിയായ ജയിലുകള്‍ ഉള്ളതും കുറ്റകൃത്യങ്ങള്‍ കുറവുമായ ദ്വീപില്‍ ഗുണ്ടാ ആക്ട് പ്രാവര്‍ത്തികമാക്കിയതെന്നതിനാണെന്നും വിനീത് ചോദിക്കുന്നു.
ലക്ഷദ്വീപില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളേക്കുറിച്ച് ആര്‍ക്കെങ്കിലും ശരിയായി അറിയുമോയെന്ന ചോദ്യത്തോടെയാണ് താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.
പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യത്തെ നീക്കങ്ങളിലൊന്ന് സ്‌കൂളുകളിലെ കാന്റീനുകളില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നത് തടയുക എന്നതായിരുന്നു. മുസ്‌ലിം സമുദായങ്ങള്‍ കൂടുതലായി താമസിക്കുന്ന ഇവിടെ ഇത്തരത്തിലുള്ള നീക്കം തികച്ചും ജനദ്രോഹമാണെന്നും
എന്തിനാണ് ഇത്തരത്തിലൊരു നടപടി ഇവിടെ കൊണ്ടുവന്നതെന്നും സി.കെ വിനീത് ചോദിച്ചു.
അദ്ദേഹത്തിന്റെ ഭരണകൂടം ലക്ഷദ്വീപിലെ മത്സ്യബന്ധന സമൂഹത്തെ സഹായിക്കുന്നതിനായി സ്ഥാപിച്ച നിരവധി ഷെഡുകളും പ്രാദേശിക സ്ഥാപനങ്ങളും നശിപ്പിച്ചു. വളരെ കുറച്ച് വാഹനങ്ങളുള്ള ഒരു നഗരത്തിനായി, റോഡുകള്‍ വീതികൂട്ടാനും അതിനായി നിരവധി വീടുകള്‍ പൊളിച്ചുമാറ്റാനും ഉത്തരവിട്ടു.
ആരോഗ്യസംരക്ഷണം, കൃഷി, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ്. ശരിയായ കാര്യകാരണങ്ങള്‍ ഇല്ലാതെയാണ് ഇതെല്ലാം ചെയ്യുന്നത്. ലോകത്ത് വളരെയധികം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ് ഇതിനെതിരെ നാം കണ്ണടയ്ക്കുകയാണോ വേണ്ടതെന്നു സി.കെ വിനീത് ചോദിച്ചു.
ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി നടന്‍ പൃഥ്വിരാജും നടി റിമ കല്ലിങ്കലും രംഗത്തെത്തിയിരുന്നു. എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ ഭരണകൂടം ഇടപെടേണ്ടതുണ്ടെന്നും പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ‘പരിഷ്‌കാരങ്ങള്‍’ തികച്ചും വിചിത്രമെന്ന് തോന്നുന്നതരത്തിലാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഈ ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ആ ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും
നൂറ്റാണ്ടുകളായി സമാധാനപരമായി ജീവിച്ചുപോന്ന ഒരു ജനതയുടെ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെയാണ് പുരോഗതിയുടെ ഭാഗമാകുന്നതെന്നും പൃഥ്വിരാജ് ചോദിച്ചിരുന്നു.