കൊച്ചി: ഐ.എസ.എല്‍ സീസണിലെ ഏറ്റവും മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീതിന്റെ ഗോള്‍ തിരഞ്ഞെടുക്കപ്പെട്ടു. സമനിലയിലേക്കെന്ന് ഉറപ്പിച്ച മല്‍സരത്തിന്റെ ഇന്‍ജുറി ടൈമില്‍ മലയാളി താരം വിനീത് നേടിയ മിന്നും ഗോളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. വോട്ടിങ്ങിലൂടെ ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ് മികച്ച ഗോള്‍ തിരഞ്ഞെടുത്തത്.
പുനെ എഫ്.സിക്കെതിരെ 93ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോളായിരുന്നു വിനീത് നേടിയത്. അതുവരെ അലസനായി കളിച്ച വിനീത് ഒരു മിനിറ്റു കൊണ്ട് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനാവുകയായിരുന്നു. കറേജ് പെക്കൂസന്‍ നല്‍കിയ ക്രോസിലാണ് വിനീത് വിജയ ഗോള്‍ നേടിയത്. പുണെ ബോക്‌സിനു പുറത്ത് പന്തു നെഞ്ചില്‍ വാങ്ങിയ വിനീത് അവിടെനിന്നും അതു പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പായിക്കുകയായിരുന്നു. ഗോളിക്ക് യാതൊരു അവസരവും നല്‍കാതെയാണ് പന്ത് വലയിലെത്തിച്ചത്.
മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് 2-1നാണ് വിജയം സ്വന്തമാക്കിയത്. ഇരുടീമുകളും ആക്രമിച്ചു കളിച്ച മത്സരത്തിന്റെ രണ്ടാം പകുതി കൂടുതല്‍ ആവേശകരമായിരുന്നു. 54ാം മിനിറ്റില്‍ ബോക്‌സിനു പുറത്തു നിന്നു മാഴ്‌സലീഞ്ഞോ തൊടുത്ത തകര്‍പ്പന്‍ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയ് തട്ടിയകറ്റി. 58ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ജാക്കിചന്ദ് സിങിലൂടെ ലീഡെടുത്തു. ബോക്‌സിനു വെളിയില്‍നിന്നും ജാക്കിയുടെ ലോങ് റെയ്ഞ്ചര്‍ ഷോട്ട് പുണെ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തി.
78ാം മിനിറ്റിലാണ് പുണെയുടെ സമനില ഗോളെത്തിയത്. ബോക്‌സിനുള്ളില്‍ എമിലിയാനോ അല്‍ഫാരോയുടെ മുന്നേറ്റം തടയാന്‍ ശ്രമിച്ച സുഭാശിഷ് റോയിക്കു പിഴച്ചു. അല്‍ഫാരോയെ വീഴ്ത്തിയതിന് പുണെയ്ക്ക് പെനല്‍റ്റി. ആരാധകര്‍ അതു പെനല്‍റ്റി തന്നെയോ എന്ന് സംശയിച്ചു നില്‍ക്കെ കിക്കെടുത്ത അല്‍ഫാരോയ്ക്കു പിഴച്ചില്ല. പന്ത് വലയിലെത്തി. സമനില വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിര വീണ്ടും പതറി. ലീഡെടുക്കാനുള്ള സമയമുണ്ടായിരുന്നെങ്കിലും അധിക സമയത്താണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോളെത്തുന്നത്.