കണ്ണൂര്‍: അന്താരാഷ്ട്ര വേദികളില്‍ അഭിമാനപൂര്‍വം ദേശീയ പതാക വീശിയ ഇന്ത്യയുടെ പുത്രിമാരെ ഇപ്പോള്‍ അതേ പതാകയുമായി തെരുവില്‍ വലിച്ചിഴക്കപ്പെടുകയാണെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ വിനീത്. ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മള്‍ എങ്ങനെയാണ് ഈ അവസ്ഥയില്‍ എത്തിയതെന്നും ഇതാണോ നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇന്ത്യയെന്നും മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ചോദിച്ചു.
‘നമ്മുടെ എല്ലാവരുടെയും മേലാണ് ഈ നാണക്കേട്. ഗുസ്തി താരങ്ങളുടെ ആരോപണം ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു മനുഷ്യനെതിരെയാണ്. അദ്ദേഹം ഭരണകക്ഷിയിലെ ഒരു എം.പി ആയതിനാല്‍ അധികാരവുമുണ്ട്.
കുറ്റാരോപിതര്‍ക്കെതിരെ നടപടി എടുക്കുന്നതിന് പകരം പ്രതിഷേധങ്ങളെ ബലമായി നിശബ്ദരാക്കുകയും, അവരെ വേദനിപ്പിക്കുകയും, ഒപ്പം നില്‍ക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതാണോ നിങ്ങള്‍ കാണുന്ന പരിഹാരം?’ വിനീത് പറഞ്ഞു.
ഇത് അവസാനിക്കുമെന്ന് കരുതി ഞാന്‍ ഒരുപാട് ദിവസം ഒരു കാഴ്ചക്കാരനായി നോക്കി നിന്നുവെന്നും എന്നാല്‍ ഇന്നത്തെ ചിത്രം തന്റെ ഉള്ളില്‍ കൊണ്ടുവെന്നും വിനീത് പറഞ്ഞു. ‘അന്താരാഷ്ട്ര വേദികളില്‍ അഭിമാനത്തോടെ നമ്മുടെ പതാക വീശിയ ഇന്ത്യയുടെ വീര പുത്രിമാരാണിവര്‍. എന്നാല്‍ ഇപ്പോള്‍ അതേ പതാകയുമായി അവര്‍ തെരുവിലൂടെ വലിച്ചിഴക്കപ്പെടുന്നു’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യന്‍ റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി രംഗത്തെത്തുന്ന ആദ്യത്തെ പ്രമുഖ ഫുട്‌ബോളറാണ് സി.കെ വിനീത്.
content highlights: ck vineeth criticizes bjp government, supports wrestler’s protest