'ഇവരാണ് താരങ്ങള്‍'; പൃഥ്വിയ്ക്കും സി.കെ വിനീതിനും യൂത്ത് ഐക്കണ്‍ അവാര്‍ഡ്
Kerala
'ഇവരാണ് താരങ്ങള്‍'; പൃഥ്വിയ്ക്കും സി.കെ വിനീതിനും യൂത്ത് ഐക്കണ്‍ അവാര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th July 2017, 9:29 pm

തിരുവനന്തപുരം: സംസ്ഥാന യുവജനകമ്മീഷന്റെ 2016-17 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. പൃഥ്വിരാജും സി.കെ വിനീതുമടക്കം അഞ്ചുപേരാണ് അവാര്‍ഡിനര്‍ഹരായത്.

കലാ-സാംസ്‌കാരിക മേഖലയില്‍ നിന്നാണ് ചലച്ചിത്രതാരം പൃഥ്വിരാജ് അവാര്‍ഡിനര്‍ഹനായത്. ഇന്ത്യന്‍ ഫുട്ബാളിന് കേരളം സമ്മാനിച്ച സി.കെ വിനീതാണ് കായികരംഗത്തുനിന്ന് അവാര്‍ഡ് നേടിയത്. ബാഗ്ലൂര്‍ എഫ്. സിക്ക് വേണ്ടിയും കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടിയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതാണ് വിനീതിനെ ഈ വര്‍ഷത്തെ യൂത്ത് ഐക്കണാക്കിയത്.

സാഹിത്യത്തില്‍ പ്രശസ്ത യുവ എഴുത്തുകാരനായ പി.വി ഷാജികുമാറാണ് യൂത്ത് ഐക്കണ്‍. മലയാള രചനാലോകത്തെ കണ്ടെത്തലാണ് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവു കൂടിയായ ഷാജികുമാറെന്ന് ജൂറി അഭിപ്രായപ്പെട്ടു.


Also Read:  ‘എന്റെ പിന്‍ഭാഗത്ത് തേങ്ങ വച്ച് എറിഞ്ഞാല്‍ ആ തേങ്ങ ഞാനവരുടെ തലയ്ക്ക് എറിയും’; തപസി പന്നുവിന് പിന്നാലെ സിനിമയിലെ ‘പൂവേറ്’ രംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ആമി ജാക്‌സണും ഇലിയാനയും 


കാര്‍ഷികരംഗത്ത് നിന്ന് യുവ കര്‍ഷകനായ രാജേഷ് കൃഷ്ണനാണ് യൂത്ത് ഐക്കണ്‍. ബയോടെക്നോളജിയില്‍ ബിരുദവും, ഇക്കോളജിയില്‍ ബിരുദാനന്തര ബിരുദവുമുള്ള രാജേഷ് കൃഷി ജീവിത മാര്‍ഗമായി സ്വീകരിക്കുകയായിരുന്നു. വരുണ്‍ ചന്ദ്രന്‍ വ്യവസായ മേഖലയില്‍ നിന്ന് അവാര്‍ഡിനര്‍ഹനായി. കോര്‍പ്പറേറ്റ് 360 യുടെ മേധാവിയാണ് വരുണ്‍ ചന്ദ്രന്‍.

വിവിധ സാമൂഹിക മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച യുവാക്കള്‍ക്കായാണ് യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് നല്‍കുന്നത്.