കോഴിക്കോട്: കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരം സി.കെ വിനീത്. ക്രിക്കറ്റ് ഭ്രാന്തിന്റെ പേരില്‍ അറിയപ്പെടുന്ന ഇന്ത്യയില്‍ ഒരു ക്രിക്കറ്റ് മത്സരത്തിന് വേണ്ടി ഫുട്‌ബോള്‍ ഗ്രൗണ്ട് നശിപ്പിക്കണോ എന്ന് വിനീത് ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സി.കെ വിനീതിന്റെ പ്രതികരണം.
“കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം ഏകദിന മത്സരത്തിന് വേണ്ടി വിട്ടുനല്‍കുന്നു എന്ന വാര്‍ത്ത പലയിടത്തു നിന്നായി അറിഞ്ഞു. പല കാരണങ്ങള്‍ കൊണ്ട് ഇത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം.” – താരം ഫേസ്ബുക്കില്‍ കുറിച്ചു.
സ്‌പോര്‍ട്‌സ് പരസ്പരം ഒന്നിച്ച് നിലനില്‍ക്കേണ്ടതാണെന്നും എന്നാല്‍ അതിലും പ്രധാനമായി അവ ഒന്ന് മറ്റൊന്നിനെ തടസപ്പെടുത്തി നിലനില്‍ക്കരുതെന്നും വിനീത് അഭിപ്രായപ്പെട്ടു.]
“ഒരുപാട് പണവും അധ്വാനവും കൊച്ചി സ്റ്റേഡിയത്തിന് വേണ്ടി ചെലവഴിച്ചിട്ടുണ്ട്. ഈ ചിത്രം രണ്ട് വര്‍ഷം മുമ്പ് എടുത്തതാണ്. നൂറോളം ജോലിക്കാരാണ് അന്നവിടെ എത്തിയത്. അവരുടെ അദ്ധ്വാനം അധികാരികള്‍ എടുത്തെറിയരുത്. ഇന്ത്യയില്‍ ഫിഫ അംഗീകരിച്ച ആകെ ആറ് സ്റ്റേഡിയങ്ങളില്‍ ഒന്നാണ് കൊച്ചിയിലെ സ്റ്റേഡിയം.” – വിനീത് പറഞ്ഞു.
Over the course of this week, I have read various reports that the turf at the Jawaharlal Nehru International Stadium…
Posted by Vineeth CK on Monday, 19 March 2018
നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് ഇന്ത്യ-വിന്‍ഡീസ് പരമ്പരയിലെ അഞ്ചാം ഏകദിനം കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചത്. ആദ്യം ഇതിനായി തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു നിശ്ചയിച്ചതെങ്കിലും കെ.സി.എയും കലൂര്‍ സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വേദി കൊച്ചിയിലേക്കു മാറ്റിയത്.
കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂമും രംഗത്തെത്തിയിരുന്നു.