താന്‍ മത്സരിച്ചത് എസ്.എഫ്.ഐയുടെ പാനലില്‍ തന്നെ; എ.ബി.വി.പിയുടെയും എസ്.എഫ്.ഐയുടെയും അവകാശ വാദങ്ങള്‍ക്ക് വ്യക്തതയുമായി സി.കെ വിനീത്
DSport
താന്‍ മത്സരിച്ചത് എസ്.എഫ്.ഐയുടെ പാനലില്‍ തന്നെ; എ.ബി.വി.പിയുടെയും എസ്.എഫ്.ഐയുടെയും അവകാശ വാദങ്ങള്‍ക്ക് വ്യക്തതയുമായി സി.കെ വിനീത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th May 2017, 7:16 pm

കണ്ണൂര്‍: ഐ.എസ്.എല്ലില്‍ കേരളത്തിന്റെ സൂപ്പര്‍ താരമാണ് കണ്ണൂര്‍ സ്വദേശിയായ സി.കെ വിനീത്. കഴിഞ്ഞ സീസണില്‍ വിജയം കണ്ടെത്താനാകാതെ കിതക്കുകയായിരുന്ന ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെയെത്തിച്ചതില്‍ വിനീതിനുള്ള പങ്ക് വിസ്മരിക്കാനാകാത്തതാണ്.


Also read യാത്രാരേഖകളില്ല; ആറു വയസ്സുകാരനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചു; കുട്ടിയെ ഒറ്റയ്ക്കാക്കി സംഘം യാത്രതിരിച്ചു


താരം കേരളത്തിന്റെ വിജയ ശില്‍പ്പിയായി മാറിയത് മുതല്‍ താരത്തിനായുളള അവകാശ വാദങ്ങളുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ വിനീത് തങ്ങളുടെ പ്രവര്‍ത്തകനാണെന്നായിരുന്നു എ.ബി.വി.പി അവകാശപ്പെട്ടത്. അവകാശവാദവുമായി എ.ബി.വി.പി എത്തിയതിന് പിന്നാലെ വിനീത് എ.ബി.വി.പി പ്രവര്‍ത്തകനല്ലെന്നും എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നെന്നും വ്യക്തമാക്കി എസ്.എഫ്.ഐക്കാരും രംഗത്തെത്തിയിരുന്നു.

വിനീത് തങ്ങളുടെ പാനലില്‍ നിന്ന് മത്സരിച്ച കോളേജ് യൂണിയന്‍ ജനറല്‍ ക്യാപ്റ്റനാണെന്നായിരുന്നു എസ്.എഫ്.ഐ വ്യക്തമാക്കിയത്. എന്നാല്‍ ഇത് തെറ്റാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ എ.ബി.വി.പിയും അവകാശപ്പെട്ടു. ഒടുവില്‍ വിഷയത്തില്‍ വ്യക്തതയുമായെത്തിരിക്കുകയാണ് വിനീത്.

റിപ്പോര്‍ട്ടര്‍ ചാനലിലെ “ക്ലോസ് എന്‍കൗണ്ടര്‍” എന്ന പരിപാടിയില്‍ അവതാരകനായ അഭിലാഷ് മോഹനന്റെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് താരം താന്‍ ഏത് സംഘടനയുടെ ഭാഗമായിരുന്നെന്ന് വ്യക്തമാക്കിയത്. താന്‍ എസ്.എഫ്.ഐയുടെ പാനലില്‍ നിന്ന് മത്സരിച്ചാണ് ജനറല്‍ ക്യാപ്റ്റന്‍ ആയതെന്നായിരുന്നു വിനീത് ചോദ്യത്തോട് പ്രതികരിച്ചത്.


Dont miss ‘അരിയെത്രയെന്ന് ചോദ്യം പയറഞ്ഞാഴിയെന്ന് സുരേന്ദ്രന്‍’; ഫേസ്ബുക്കിലെ വ്യാജഫോട്ടോ പ്രചരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കാതെ കെ. സുരേന്ദ്രന്‍

“എസ്.എഫ്.ഐക്കാരനാണെന്ന് എസ്.എഫ്‌ഐയും എ.ബി.വി.പിക്കാരനാണെന്ന് എ.ബി.വി.പിയും അവകാശപ്പെടുന്നുണ്ടല്ലോ” എന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ടായിരുന്നു താരം മറുപടി പറഞ്ഞത്. “രാഷ്ട്രീയം ഇല്ല താനൊരു ഫുട്‌ബോള്‍ കളിക്കാരനാണെന്ന് മാത്രമാണ്. താന്‍ മത്സരിച്ചത് എസ്.എഫ്.ഐയുടെ പാനലില്‍ ആണെങ്കില്‍ കൂടി ജനറല്‍ ക്യാപ്റ്റന്‍ സ്‌പോര്‍ട്‌സിന്റെ സ്ഥാനത്തേക്കാണ് മത്സരിച്ചത്.” താരം പറഞ്ഞു.

എസ്.എഫ്.ഐയുടെ നേതാക്കന്‍മാരായിരുന്നു തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെന്നും അവര്‍ ആവശ്യപ്പെട്ടപ്പോള്‍ മത്സരിച്ചെന്നും പറഞ്ഞ താരം പാര്‍ട്ടി എന്ന രീതിയായിരുന്നില്ല അതെന്നും എന്നാല്‍ പാര്‍ട്ടിയും കാഴ്ചപ്പാടുകളും എന്റെയുള്ളില്‍ ഉണ്ടെന്നും വ്യക്തമാക്കി.