കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ എസ്.എന്‍.ഡി.പി സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റ് സി.കെ വിദ്യാസാഗര്‍. വിഷയത്തില്‍ എസ്.എന്‍.ഡി.പി ഒരു നിലപാടും ബി.ഡി.ജെ.സ് അതിന് എതിരായ നിലപാടും സ്വീകരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിദ്യാസാഗറിന്റെ വിമര്‍ശനം.
ബി.ജെ.പിയ്‌ക്കൊപ്പം ശബരിമല വിധിയ്‌ക്കെതിരായ സമരത്തില്‍ എസ്.എന്‍.ഡി.പി യോഗമുണ്ടാവില്ലെന്ന വെള്ളാപ്പള്ളിയുടെ നിലപാടിനു പിന്നാലെയാണ് വിദ്യാസാഗറിന്റെ പ്രതികരണം. വെള്ളാപ്പള്ളിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ആ നിലപാട് പ്രഖ്യാപിക്കേണ്ടത് ഒരു ദിവസം വൈകിയല്ല, ആ വേദിയില്‍ വെച്ചു തന്നെ പറയേണ്ടതായിരുന്നെന്നാണ് വിദ്യാസാഗര്‍ പറയുന്നത്.
ശബരിമലയുമായി ബന്ധപ്പെട്ട വിധിയ്‌ക്കെതിരായ സമരത്തില്‍ ബി.ജെ.പിയ്‌ക്കൊപ്പം എസ്.എന്‍.ഡി.പിയുണ്ടാവുമെന്ന് കഴിഞ്ഞദിവസം ശിവഗിരിയില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വേദിയിലിരിക്കെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അമിത് ഷാ പറഞ്ഞിരുന്നു. ആ സമയത്ത് പ്രതികരിക്കാതിരുന്ന വെള്ളാപ്പള്ളി ഇന്നു രാവിലെയാണ് അമിത് ഷായെ തള്ളി രംഗത്തുവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിദ്യാസാഗറിന്റെ പ്രതികരണം.
“അമിത് ഷായുടെ മുമ്പിലുവെച്ചു തന്നെ വെള്ളാപ്പള്ളി നടേശന്‍ ഇതു തുറന്നടിച്ചു പറയാനുള്ള ധൈര്യം കാണിച്ചിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചുപോകുന്നു. എസ്.എന്‍.ഡി.പി യോഗത്തിന്റെ കസേരയിലിരിക്കുന്ന ആളിന് ഒരമിത് ഷായേയും ഭയപ്പെടേണ്ട കാര്യമില്ല. എസ്.എന്‍.ഡി.പിയോഗത്തിന്റെ അഭിപ്രായം ഒരു അമിത് ഷായല്ല പത്ത് അമിത് ഷാമാര്‍ ഇരുന്നാലും ഉറക്കെ പറയാനുള്ള ആവേശം കാണിക്കണം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി. ” അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധി പാലിക്കപ്പെടണം, അതിന് എതിരായിട്ട് പോകാന്‍ തയ്യാറില്ല എന്ന എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയെ താന്‍ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഈ വിഷയത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേയും വെള്ളാപ്പള്ളിയുടേയും നിലപാടിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം ഇരുവരേയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
“അച്ഛന്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ നിലപാട് ഒരുവിധത്തില്‍ പറയുകയും മകന്‍ ബി.ഡി.ജെ.എസിന്റെ പേരു പറഞ്ഞിട്ട് അമിത് ഷായുടെ ചിറകിനടിയില്‍ ഒളിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരുതരം തന്ത്രമുണ്ടല്ലോ ഇതൊരുമാതിരി ചക്കുളത്തിപ്പോരാണെന്നാണ് എനിക്ക് തോന്നുന്നത്. അച്ഛനും മകനും കൂടെ ഈ രാജ്യത്തിലെ ശ്രീനാരായണ സമൂഹത്തെ വഞ്ചിക്കുകയാണ്, കബളിപ്പിക്കുകയാണ്. ശ്രീനാരായണ സമൂഹം സര്‍വ്വത്മനാ സ്വാഗതം ചെയ്യേണ്ടതാണീവിധി. എല്ലാ വിവേചനങ്ങള്‍ക്കും ഒരു പരിധിയുണ്ടാവണം. ഭരണഘടനാ വിരുദ്ധമായ ഒരു വിവേചനവും ഇന്ത്യന്‍ സമൂഹത്തിന് സ്വീകാര്യമല്ല എന്ന് വളരെ സുവ്യക്തവും ദൃഢവുമായ ഒരു പ്രഖ്യാപനം ഈ വിധിയില്‍ അടങ്ങിയിരിക്കുന്നു. അത് നാളെകളില്‍ ഇനിയും ഈ സമൂഹത്തില്‍ നിന്നും തുടച്ചുമാറ്റപ്പെടേണ്ട ഒത്തിരി വിവേചനങ്ങള്‍ തുടച്ചുമാറ്റുമാറ്റാനുള്ള പാതയൊരുക്കുന്ന ചരിത്രപ്രധാനമായ വിധിയാണ്. ആ വിധിയെ ഇങ്ങനെ അര്‍ദ്ധ മനസോടെയല്ല എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി സ്വീകരിക്കേണ്ടത്.” അദ്ദേഹം പറഞ്ഞു.
തുഷാര്‍ വെള്ളാപ്പള്ളിയെന്ന ചെറുപ്പക്കാരന്റെ കുട്ടിത്തം മാറാത്ത മനസില്‍ ചരിത്രബോധത്തിന്റെ അഭാവം കൊണ്ട് കുറച്ചുകാര്യങ്ങള്‍ കൂടിയൊക്കെ കയറാനുണ്ട്. അതൊക്കെ കയറി വരുമ്പോഴേക്കും അദ്ദേഹത്തിന്റെ അഭിപ്രായം മാറുമെന്ന് താന്‍ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.