| Friday, 24th July 2020, 11:41 am

'വെള്ളാപ്പള്ളിയെ ഇനിയും ചുമലിലേറ്റി നടക്കുന്നത് മുഖ്യമന്ത്രിക്കും എല്‍.ഡി.എഫിനും നല്ലതല്ല'; നവോത്ഥാന സംരക്ഷണ സമിതി ഉപാധ്യക്ഷ സ്ഥാനം രാജിവെച്ച് വിദ്യാസാഗര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ രൂപവത്ക്കരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ ഉപാധ്യക്ഷ സ്ഥാനത്ത് നിന്നും സി.കെ വിദ്യാസാഗര്‍ രാജിവെച്ചു. എസ്.എന്‍.ഡി.പി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി.

സമീപകാല സംഭവങ്ങളെ തുടര്‍ന്ന് വെള്ളാപ്പള്ളി അധ്യക്ഷനായുള്ള നവോത്ഥാന സംരക്ഷണ സമിതിയില്‍ ഉപാധ്യക്ഷനായി തുടരാന്‍ നിര്‍വാഹമില്ലാത്തതിലാണ് രാജിയെന്ന് മുഖ്യമന്ത്രിക്കയച്ച രാജിക്കത്തില്‍ സി.കെ വിദ്യാസാഗര്‍ പറഞ്ഞു.

വെള്ളാപ്പള്ളിയെ ഇനിയും ചുമലിലേറ്റി നടക്കുന്നത് മുഖ്യമന്ത്രിക്കും എല്‍.ഡി.എഫിനും നല്ലതല്ലെന്നും മൂന്ന് പതിറ്റാണ്ട് കാലം വലംകൈ ആയിപ്രവര്‍ത്തിച്ച കെ.കെ മഹേശന്‍ തന്റെ മരണക്കുറിപ്പിലൂടെ പുറംലോകത്തെ അറിയിച്ച നടേശന്റെ ചെയ്തികളും ശൈലികളും മാഫിയാ തലവന്മാരെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്നും വിദ്യാസാഗര്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.

വെള്ളാപ്പള്ളിക്കെതിരെ ശ്രീ നാരായണ സമൂഹവും ശ്രീ നാരായണ സഹോദര ധര്‍മ വേദിയും മറ്റ് പല ശ്രീനാരയണ സംഘടനകളും പ്രക്ഷോഭ സമര പരിപാടികളുമായി രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നവോത്ഥാന സംരക്ഷണ സമിതിയുടെ വൈസ് പ്രസിഡന്റ് സ്ഥആനത്ത് തുടരാന്‍ നിര്‍വാഹമില്ലാതായിരിക്കുകയാണെന്നാണ് അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞത്.

നവോത്ഥാന സംരക്ഷണ സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളി നടേശനെ അടിയന്തരമായി നീക്കം ചെയ്യണമെന്നും വിദ്യാസാഗര്‍ പറഞ്ഞു.

നടേശനെതിരെയുള്ള കേസുകളുടെ അന്വേഷണം ത്വരിതപ്പെടുത്തണം. നടേശ പ്രീതികൊണ്ട് ഒരു രാഷ്ട്രീയ നേതാവിനും ഇനി കേരളത്തില്‍ 10 വോട്ട് പോലും കൂടുതല്‍ ലഭിക്കില്ലെന്ന യാഥാര്‍ത്ഥ്യം ഭരണപക്ഷക്കാരും പ്രതിപക്ഷക്കാരും തിരിച്ചറിയണം. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും മറ്റ് എല്‍.ഡി.എഫ് നേതാക്കളും വെള്ളാപ്പള്ളിയുടെ ദുഷ്‌ചെയ്തികളെ തുറന്നുകാണിച്ചാണ് ജയിച്ചതെന്ന കാര്യം മറക്കരുതെന്നും വിദ്യാസാഗര്‍ പറഞ്ഞു.

നേതാക്കളെ താണുവണങ്ങിയും അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനത്തില്‍ പാട്ടിലാക്കിയും വെള്ളാപ്പള്ളി നിയമവ്യവസ്ഥയെ കൊഞ്ഞനംകുത്തുകയാണ്. ഹൈക്കോടതി കണ്ണുരുട്ടിയതോടെ എസ്.എന്‍ ട്രസ്റ്റ് ജൂബിലി ഫണ്ട് കേസ് നീട്ടാനുള്ള അവസാന ശ്രമവും ഉപേക്ഷിച്ച വെള്ളാപ്പള്ളി ജയില്‍ ഭീതിയിലായതിനെ തുടര്‍ന്ന് കണിച്ചുകുളങ്ങരയില്‍ ശത്രു സംഹാര ഹോമവും ഐശ്വര്യ പൂജയും നടത്താന്‍ യാഗശാല കെട്ടിത്തുടങ്ങിയെന്നും വിദ്യാസാഗര്‍ ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more