| Monday, 18th June 2018, 10:52 pm

കൊടുക്കാമെന്ന് പറഞ്ഞ തുക കൊടുക്കും; രാധിക വെമുലയെ വഞ്ചിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി മുസ്‌ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: വീട് നിര്‍മ്മിക്കാന്‍ ഇരുപത് ലക്ഷം വാഗ്ദാനം ചെയ്ത് രോഹിത് വെമുലയുടെ അമ്മയായ രാധികാ വെമുലയെ വഞ്ചിച്ചുവെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി മുസ്‌ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍.

തങ്ങള്‍ വാഗ്ദാനം ചെയ്ത തുക ഉടനെ നൽകും, ഇതില്‍ അഞ്ച് ലക്ഷം രൂപ നല്‍കി കഴിഞ്ഞിട്ടുണ്ട്. ചില സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് ബാക്കി തുക നല്‍കാന്‍ കഴിയാത്തതെന്നും സി.കെ സുബൈര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഹൈദരാബാദില്‍ സമരം ആരംഭിക്കുന്ന കാലം മുതല്‍ തങ്ങള്‍ രാധിക വെമുലയ്ക്കും സമരത്തിനും ഒപ്പമുണ്ട്. അന്ന് സമരത്തിന് ഒരു ലക്ഷം രൂപ സഹായം നല്‍കിയ പ്രസ്ഥാനമാണ് മുസ്‌ലീം ലീഗ്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളും, ആന്ധ്ര മുഖ്യമന്ത്രിയും ജോലി വാഗ്ദാനം നല്‍കി രാധികാ വെമുലയെ വഞ്ചിച്ചിരുന്നു. എന്നാല്‍ ഞങ്ങളുടെ വാഗ്ദാനം വെറും വാക്കല്ല, സി.കെ സുബൈര്‍ പറയുന്നു.

മുസ്‌ലീം ലീഗിന്റെ കേരളാ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത വ്യക്തിത്വമാണ് ശ്രീമതി രാധികാ വെമുല, ആ വേദിയില്‍ വെച്ചാണ് അവര്‍ക്ക് വീടില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്. അവര്‍ക്ക് ഒരു വീട് നിര്‍മ്മിച്ച് നല്‍കുന്നത് മുസ്‌ലീം ലീഗിനെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമാണെന്നും സി.കെ സുബൈര്‍ വ്യക്തമാക്കി. ലീഗ് കാരുണ്യ ഭവന്‍ പദ്ധതിയുടെ ഭാഗമായി ഇതുപോലെ ഒരുപാട് പേര്‍ക്ക് വീട് വച്ച് നല്‍കിയിട്ടുണ്ട്, അതില്‍ നാല്‍പ്പത് ലക്ഷം വരെ ചിലവ് വന്ന വീടുകളുണ്ട്. ചില സാങ്കേതിക തടസ്സങ്ങള്‍ മാത്രമാണ് രാധികാ വെമുലക്ക് പണം നല്‍കുന്നതില്‍ ഇത് ഉടന്‍ പരിഹരിക്കും, സുബൈര്‍ പറഞ്ഞു.

നേരത്തെ തന്നെ ഉപയോഗിച്ച് മുസ്ലീം ലീഗ് രാഷ്ട്രീയ ലാഭം ഉണ്ടാക്കിയെന്നും, തന്നെ മുഖ്യ അതിഥിയായി വിവിധ പരിപാടികളില്‍ ഉയര്‍ത്തി കാണിച്ചുവെന്നും എന്നാല്‍ വാഗ്ദാനം ചെയ്ത ഇരുപത് ലക്ഷം തന്നില്ലെന്നും രാധികാ വെമുല
മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more