'ടി.പി. കേസില്‍ സുധാകരന്‍ വിവരക്കേട് പറയുകയാണ്'; മാനനഷ്ടക്കേസുമായി മുന്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് സി.കെ. ശ്രീധരന്‍
Kerala News
'ടി.പി. കേസില്‍ സുധാകരന്‍ വിവരക്കേട് പറയുകയാണ്'; മാനനഷ്ടക്കേസുമായി മുന്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് സി.കെ. ശ്രീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st November 2022, 8:38 am

കാസര്‍ഗോഡ്: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ മാനനഷ്ടക്കേസുമായി മുന്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍. സുധാകരനെതിരെ സിവില്‍, ക്രിമിനല്‍ മാനനഷ്ടക്കേസുകള്‍ കൊടുക്കുമെന്ന് സി.കെ. ശ്രീധരന്‍ അറിയിച്ചു.

ടി.പി. ചന്ദ്രശേഖരന്‍ കേസില്‍ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഒഴിവാക്കപ്പെട്ടത് സി.കെ. ശ്രീധരന്റെ സി.പി.ഐ.എം ബന്ധം മൂലമെന്നായിരുന്നു സുധാകരന്റെ ആരോപണം. സുധാകരന്റെ ഈ പരാമര്‍ശത്തിന്മേലാണ് ശ്രീധരന്‍ മാനനഷ്ടക്കേസ് നല്‍കുന്നത്.

സുധാകരന്‍ വിവരക്കേട് പറയുകയാണ്. സുധാകരന്റെ പ്രസ്താവന അപകീര്‍ത്തികരവും സത്യവിരുദ്ധവും അബദ്ധവുമാണെന്നും പ്രസ്താവനയില്‍ കോടതിയലക്ഷ്യം ഉണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്നും സി.കെ. ശ്രീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ചിറ്റാരിക്കാലില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സുധാകരന്റെ പ്രസ്താവന.

‘വലിയ മഴ പെയ്യുമ്പോള്‍ ചെറിയ തുള്ളി പോകുന്നത് പോലെയാണ് സി.കെ. ശ്രീധരന്റെ പാര്‍ട്ടി മാറ്റം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ കാലം മുതല്‍ സികെ ശ്രീധരനും സി.പി.ഐ.എമ്മും തമ്മില്‍ ബന്ധമുണ്ട്. ഇതിന്റെ ഭാഗമായാണ് പി. മോഹനന്‍ കേസില്‍ പ്രതിയാകാതിരുന്നത്.

ഏറെക്കാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പാര്‍ട്ടി വിട്ടപ്പോള്‍ ഒപ്പം പോകാന്‍ ആളില്ല. അധികാര സ്ഥാനങ്ങളില്‍ ഇരുന്നിട്ടും അദ്ദേഹത്തോടൊപ്പം ഒരു പത്ത് പേര്‍ പോകാത്തത് എന്തുകൊണ്ടാണ്? ഇക്കാര്യം സി.പി.ഐ.എമ്മുകാരും സി.കെ. ശ്രീധരനും ആലോചിക്കണം.

മോഹനന്‍ മാസ്റ്റര്‍ കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് വെറുതെയല്ല. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. ആ കാരണങ്ങളില്‍ ഒന്നിന്റെ പരിണിത ഫലമാണ് ഈ ചുവടുമാറ്റം,’ എന്നായിരുന്നു കെ. സുധാകരന്റെ പ്രസംഗം.

അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച സി.കെ. ശ്രീധരന്‍ ഔദ്യോഗികമായി സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. കാഞ്ഞങ്ങാട്ട് നടന്ന പൊതുസമ്മേളനത്തില്‍ വെച്ചാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ചുവന്ന ഷാളും രക്തഹാരവും അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചത്. വര്‍ഗീയതയ്ക്കെതിരെ പൊരുതാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന തിരിച്ചറിവാണ് സി.കെ. ശ്രീധരനെ സി.പി.ഐ.എമ്മിലെത്തിച്ചതെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിനോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചാണ് സി.കെ. ശ്രീധരന്‍ പാര്‍ട്ടി വിടുന്നത്. കോണ്‍ഗ്രസിന് അപചയമാണെന്നും കെ.പി.സി.സി പ്രസിഡന്റിന് ആര്‍.എസ്.എസ് അനുകൂല നിലപാടെന്നും സി.കെ. ശ്രീധരന്‍ കുറ്റപ്പെടുത്തിയിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റായിരുന്ന സി.കെ. ശ്രീധരനെ പുനസംഘടനയില്‍ അംഗം പോലുമാക്കിയിരുന്നില്ല. അന്ന് തുടങ്ങിയ അതൃപ്തിയാണ് ഇപ്പോള്‍ സി.പി.ഐ.എമ്മിലേക്കുള്ള തീരുമാനത്തിലെത്തിയത്.

സി.കെ. ശ്രീധരന്റെ ആത്മകഥയായ ‘ജീവിതം നിയമം നിലപാടുകള്‍’ കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പ്രകാശനം ചെയ്തത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ട് പോലുമുണ്ടായിരുന്നില്ല.

ക്രിമിനല്‍ അഭിഭാഷകനായിരുന്ന സി.കെ. ശ്രീധരന്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. കോണ്‍ഗ്രസിന് വേണ്ടി നിരവധി കേസുകളില്‍ ശ്രീധരന്‍ വാദിച്ചിട്ടുണ്ട്.

മുന്‍പ് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന സി.കെ. ശ്രീധരന്‍ 1977ന് ശേഷമാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. 1991ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇ.കെ. നായനാര്‍ക്കെതിരെ മത്സരിച്ചിട്ടുണ്ട്.

Content Highlight: CK Sreedharan Against KPCC President K Sudhakaran’s Allegations