കല്പറ്റ: കല്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന് ലളിത ജീവിതത്തിന്റെ കാര്യത്തില്‍ എന്നും ഒരു പടി മുന്നിലാണ്. ജോലി കഴിഞ്ഞ് അരിയും വാങ്ങി നഗ്ന പാദനായി വീട്ടിലേക്ക് നടന്നുവരുന്ന സി.പി.ഐ.എം എം.എല്‍.എ ശശീന്ദ്രന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മാധ്യമപ്രവര്ത്തകന് ഷെഫീക് താമരശ്ശേരി പകര്‍ത്തിയതാണ് ചിത്രം.
സാധാരണക്കാരില്‍ സാധാരണക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന കല്പറ്റക്കാരുടെ ശശിയേട്ടന് എം.എല്‍.എ ആയശേഷം സത്യപ്രതിജ്ഞ ചെയ്യുവാനായി വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ കയറി തിരുവനന്തപുരത്ത് എത്തിയത് അന്ന് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തുടര്‍ന്നും ശശീന്ദ്രന്റെ ലളിത ജീവിതം പല തവണ വാര്‍ത്തയായി.
സിറ്റിങ് എം.എല്‍.എയായിരുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശ്രേയാംസ്കുമാറിനെ 13,083 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശശീന്ദ്രന് എം.എല്‍.എ പദവിയിലേക്കെത്തിയത്. തെരഞ്ഞെടുപ്പ് സമയത്ത് സോഷ്യല്‍ മീഡിയ വളരെ ശക്തമായി ശശീന്ദ്രനുവേണ്ടി രംഗത്തെത്തിയിരുന്നു. മണ്ഡലത്തിനു പുറത്തുള്ളവര്‍പോലും ശശീന്ദ്രനുവേണ്ടി സോഷ്യല്‍ മീഡിയകളില്‍ സജീവമായി രംഗത്തെത്തിയിരുന്നു. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമെന്ന നിലയില്‍ ശശീന്ദ്രനെ പിന്തുണച്ച് നിരവധി പേര് രംഗത്തെത്തുകയും ചെയ്തിരുന്നു. നഗ്നപാദനായി നിലത്ത് കാലുറപ്പിച്ചു നടക്കുന്ന, പശുവിനെ കറന്ന് പാല് അളന്ന് ജീവിക്കുന്ന സാധാരണക്കാരനായ സ്ഥാനാര്‍ത്ഥി എന്ന ശശീന്ദ്രന്റെ ഇമേജ് യു.ഡി.എഫ് കോട്ട തകര്‍ക്കുകയായിരുന്നു.
വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് സി.കെ. ശശീന്ദ്രന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവയുടെ ജില്ലാ ഭാരവാഹിയായിരുന്നു. 2007ല്‍ പനമരത്തു നടന്ന ജില്ലാ സമ്മേളനത്തില്‍ ആദ്യമായി പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി.